കണ്ണൂർ: സിപിഎമ്മിന്റെ തരംതാഴ്‌ത്തൽ നടപടിയിൽ അതൃപ്തി അറിയിച്ച് കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്ന് ദിവ്യ, നേതാക്കളെ ഫോൺ വിളിച്ച് പറഞ്ഞു. ജില്ലാ കമ്മിറ്റിയിൽ നിന്നും ബ്രാഞ്ചിലേക്കാണ് ദിവ്യയെ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎം തരംതാഴ്‌ത്തിയത്.
നവീൻ ബാബു മരണപ്പെട്ട് 20 ദിവസങ്ങൾക്ക് ശേഷമാണ് ദിവ്യക്കെതിരെ തരംതാഴ്‌ത്തൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത്. എന്നാൽ തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്നാണ് ദിവ്യയുടെ വാദം. പാർട്ടിയുടെ യശസ്സിന് കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിവ്യയെ തെരഞ്ഞെടുത്ത പദവികളിൽ നിന്നെല്ലാം ഒഴിവാക്കിയത്.
തന്നോട് കൂടിയാലോചിക്കാതെയാണ് പാർട്ടി അജണ്ട നടപ്പിലാക്കിയത്. നവീൻ ബാബുവിന്റെ മരണത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ പാർട്ടി അവസരം നൽകണമായിരുന്നു. എന്നാൽ തനിക്കൊപ്പം നിൽക്കാതെ അജണ്ട നടപ്പിലാക്കിയതിൽ അതൃപ്തിയുള്ളതായും ദിവ്യ നേതാക്കളെ അറിയിച്ചു.















