വാഷിംഗ്ടൺ: ആംസ്റ്റർഡാമിൽ ഇസ്രായേൽ ഫുട്‌ബോൾ ആരാധകർക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ജൂതന്മാർക്ക് നേരെയുണ്ടായ നിന്ദ്യവും ക്രൂരവുമായ ആ്ക്രമണമെന്നാണ് ജോ ബൈഡൻ സംഭവത്തെ വിശേഷിപ്പിച്ചത്. ഇസ്രായേൽ, ഡച്ച് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്നും, കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കാനുള്ള ഡച്ച് ഭരണാധികാരികളുടെ നടപടിയെ അഭിനന്ദിക്കുന്നതായും ജോ ബൈഡൻ പറഞ്ഞു.
” ആംസ്റ്റർഡാമിൽ ഇസ്രായേൽ ഫുട്‌ബോൾ ആരാധകർക്ക് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം നിന്ദ്യവും ക്രൂരവും. ജൂതന്മാർ പീഡനത്തിനിരയായ ചരിത്രത്തിലെ ഇരുണ്ട നിമിഷങ്ങളെയാണ് ഇത് വീണ്ടും ഓർമ്മപ്പെടുത്തുന്നത്. ആക്രമണത്തിന് പിന്നാലെ ഞങ്ങൾ ഇസ്രായേൽ, ഡച്ച് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ഡച്ച് ഭരണാധികാരികൾ ഈ വിഷയത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തിക്കൊണ്ട് തുടർനടപടികൾ സ്വീകരിക്കുന്നുണ്ട്. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് കൊണ്ടുതന്നെ ജൂതവിരുദ്ധർക്കെതിരായ ഓരോ നീക്കങ്ങൾക്കെതിരെയും പോരാടണമെന്നും” ജോ ബൈഡൻ പറഞ്ഞു.
ജൂതന്മാരെ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാദ്ധ്യമത്തിൽ ഉയർന്ന ആഹ്വാനങ്ങളുടെ തുടർച്ചയാണ് ഇപ്പോഴുണ്ടായ സംഭവമെന്ന് ഡച്ച് ഉദ്യോഗസ്ഥർ പറയുന്നു. ആംസ്റ്റർഡാമിൽ യൂറോപ്പ് ലീഗ് മത്സരങ്ങൾ കണ്ട് മടങ്ങുകയായിരുന്ന ഇസ്രായേലിന്റെ മക്കാബി ടെൽ അവീവ് ഫുട്‌ബോൾ ക്ലബ്ബിന്റെ ആരാധകർക്ക് നേരെയാണ് ഇരുചക്രവാഹനങ്ങളിൽ എത്തിയവർ ആക്രമണം അഴിച്ചുവിട്ടത്. നൂറുകണക്കിന് പേർ ആക്രമണത്തിന് ഇരയായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആക്രമണം നടത്തിയവർ തന്നെ ഇതിന്റെ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പാലസ്തീൻ പതാകകളുമായി എത്തിയാണ് ഇവർ ആക്രമണം നടത്തിയത്. നിരവധി ഇസ്രായേൽ പൗരന്മാരുടെ പാസ്‌പോർട്ടുകൾ മോഷണം പോയതായും റിപ്പോർ്ട്ടുകൾ പറയുന്നു.















