കോഴിക്കോട്: തെങ്ങിന്റെ മുകളിൽ നിന്നും കുരങ്ങ് കരിക്കെറിഞ്ഞ് കർഷകന് പരിക്ക്. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരിക്കേറ്റത്. കർഷകന്റെ കണ്ണിനും, മൂക്കിനും, തലയ്‌ക്കും പരിക്കേറ്റു.
ഇന്നലെ രാവിലെ പുരയിടത്തിൽ തേങ്ങ പെറുക്കുന്നതിനിടെയാണ് സംഭവം. കുരങ്ങുകൾ തേങ്ങ പറിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഒരു കുരങ്ങ്, കരിക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പുരയിടത്തിൽ വീണ രാജുവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
പ്രദേശത്ത് കുരങ്ങുകളുടെ ശല്യമുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമായാണ് നടക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. കുരങ്ങ് ശല്യം നിയന്ത്രിക്കാൻ അധികൃതർ സംവിധാനം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.