കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ള പരമ്പരയിലെ ആദ്യ ടി20യിൽ ഇന്ത്യ ജയം സ്വന്തമാക്കിയത് . സഞ്ജു സാംസണിന്റെ മികവിൽ ഇന്ത്യ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റിൽ 202 റൺസാണ് നേടിയത് . എന്നാൽ ഇപ്പോഴിതാ ഡർബനിലെ കിംഗ്‌സ്‌മീഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നുള്ള മറ്റൊരു ദൃശ്യമാണ് ഇന്ത്യക്കാരുടെ മനസിൽ ഇടം നേടിയിരിക്കുന്നത് .
മത്സരം തുടങ്ങുന്നതിന് മുമ്പ് ഇരു ടീമുകളും അവരവരുടെ ദേശീയഗാനങ്ങൾക്കായി അണിനിരക്കുന്നത് പതിവാണ്. ഗാനം പ്ലേ ചെയ്യുന്നതിനൊപ്പം കളിക്കാരും പാടാറുണ്ട് . എന്നാൽ കഴിഞ്ഞ ദിവസം മത്സരത്തിന് മുൻപായി ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങവേ പകുതിയിൽ വച്ച് നിൽക്കുകയായിരുന്നു. എന്നിട്ടും ഇന്ത്യൻ താരങ്ങൾ ജനഗണമന പാടുന്നത് തുടർന്നു . അൽപ്പനേരത്തിനുള്ളിൽ വീണ്ടും ദേശീയഗാനം ആരംഭിച്ചെങ്കിലും അതും പകുതിയിൽ നിലച്ചു . ഇത്തരത്തിൽ രണ്ട് തവണ ഗാനം പ്ലേ ചെയ്യുന്നത് നിലച്ചെങ്കിലും ഇന്ത്യൻ താരങ്ങൾ ദേശീയ ഗാനം ചൊല്ലി പൂർത്തിയാക്കി . കൈയ്യടികളോടെയാണ് സോഷ്യൽ മീഡിയ ഇതിനെ സ്വീകരിച്ചത് .















