മലപ്പുറം: രോഗിക്കെന്ന പേരിൽ പണപ്പിരിവ് നടത്തി നാൽവർ സംഘത്തിന്റെ തട്ടിപ്പ്. പണപ്പിരിവിൽ സംശയം തോന്നി നാട്ടുകാർ ചോദ്യം ചെയ്തതോടെ സംഘം കടന്നുകളഞ്ഞു. മലപ്പുറം തിരുനാവായ പഞ്ചായത്തിലെ കൈത്തക്കര പള്ളി പരിസരത്താണ് സംഭവം.
രോഗിക്കെന്ന പേരിൽ വീടുകൾ കയറി ബക്കറ്റ് പിരിവ് നടത്തിയ സംഘത്തെയാണ് നാട്ടുകാർ പിടികൂടിയത്. ഏത് രോഗിക്കാണെന്നതിന്റെ തെളിവും, സംഘടനയുടെ രസീത് കാണിക്കാനും ആവശ്യപ്പെട്ടതോടെ സംഘം കുടുങ്ങുകയായിരുന്നു. ചോദ്യത്തിന് കൃത്യമായി യുവാക്കൾ മറുപടി നൽകാഞ്ഞതോടെ നാട്ടുകാർ സംഭവം പൊലീസിൽ അറിയിച്ചു.
എന്നാൽ പൊലീസെത്തുന്നതിന് മുൻപ് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന് മുൻപ് തിരുനാവായ, തൃപ്രങ്ങോട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും സംഘം തട്ടിപ്പ് നടത്തിയതായാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.