ഷിംല: സമൂസ വിവാദത്തിൽ ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖുവിനെതിരെ വിമർശനം ശക്തമാകുമ്പോൾ പ്രതിഷേധവുമായി ബിജെപിയിലെ യുവമോർച്ചാ പ്രവർത്തകരും. ഷിംലയിൽ സമൂസ മാർച്ച് സംഘടിപ്പിച്ചായിരുന്നു ഹിമാചലിലെ യുവമോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിക്കായി കൊണ്ടുവന്ന സമൂസയും കേക്കും കാണാതായ സംഭവത്തിൽ കഴിഞ്ഞദിവസം സിഐഡി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പിന്നാലെ സംസ്ഥാനത്തിന്റെ വികസനത്തിൽ സർക്കാരിന് ആശങ്കയില്ലെന്നും സമൂസയിൽ മാത്രമാണ് മുഖ്യമന്ത്രിക്ക് ശ്രദ്ധയെന്നും
ബിജെപി വക്താവ് രൺധീർ ശർമ പരിഹസിച്ചു.
ഒക്ടോബർ 21ന് മുഖ്യമന്ത്രി സിഐഡി ആസ്ഥാനം സന്ദർശിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിക്ക് കഴിക്കാൻ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം പ്രദേശത്തെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസണിൽ നിന്ന് മൂന്ന് പെട്ടി പലഹാരങ്ങൾ കൊണ്ടുവന്നു. പിന്നാലെ ഇത് കാണാതായി. ഇതുമായി ബന്ധപ്പെട്ടാണ് സിഐഡി അന്വേഷണം നടന്നത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥനിൽ നിന്നും ഇത് പലകൈകൾ മാറി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പലഹാരം ലഭിച്ചുവെന്ന് സിഐഡി കണ്ടെത്തി.
സംഭവത്തിൽ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കാണാതായ സമൂസയ്‌ക്കായി സിഐഡി അന്വേഷണം പ്രഖ്യാപിച്ച കോൺഗ്രസിന്റെ പരിഹാസ്യ നടപടിയിൽ പ്രതിഷേധിച്ച് ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രി ജയറാം ഠാക്കൂർ ബിജെപി പ്രവർത്തകർക്കായി സമൂസ വിരുന്നൊരുക്കി. ഇതിന് പിന്നാലെയാണ് യുവമോർച്ചാ പ്രവർത്തകരുടെ സമൂസാ മാർച്ച്.















