പലമു: മതാധിഷ്ഠിത സംവരണത്തിനെതിരെ നയം ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയിൽ ഭാരതീയ ജനതാ പാർട്ടിയുടെ സാന്നിധ്യം ഉണ്ടാകുന്നിടത്തോളം കാലം രാജ്യത്ത് മതത്തിന്റെ പേരിലുള്ള സംവരണം അനുവദിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ഝാർഖണ്ഡിലെ പലമുവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സംവരണത്തെക്കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്, എന്നാൽ നമ്മുടെ ഭരണഘടനയിൽ, മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥകളില്ല. മുസ്ലീം സമുദായത്തിലുള്ളവർക്ക് സംവരണം നടപ്പാക്കുകയെന്ന കോൺഗ്രസിന്റെ വ്യാമോഹം നടക്കില്ല. ഒബിസി, ദളിത്, ഗോത്ര വർഗക്കാരുടെ സംവരണപരിധി ചുരുക്കി മുസ്ലീങ്ങൾക്ക് സംവരണം ഏർപ്പെടുത്താനുള്ള കോൺഗ്രസിന്റെ പരിശ്രമം വിഫലമാകുമെന്നും അമിത് ഷാ പറഞ്ഞു.
മഹാരാഷ്‌ട്രയിൽ, ചില മുസ്ലീം ഗ്രൂപ്പുകൾ സംവരണ ആവശ്യം ഉന്നയിച്ച് മെമ്മോറാണ്ടം സമർപ്പിച്ചു. അതിൽ അവരെ സഹായിക്കുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ. മുസ്ലീങ്ങൾക്ക് 10 ശതമാനം സംവരണം വേണമെന്ന ആവശ്യമാണ് നടപ്പിലാക്കുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം. ഒബിസി, ദളിത്, ഗോത്രവർഗ ജനങ്ങളുടെ സംവരണപരിധി വെട്ടിക്കുറിച്ച് മുസ്ലീങ്ങൾക്ക് 10 ശതമാനം സംവരണം നൽകാനുള്ള കോൺഗ്രസിന്റെ നീക്കം നടക്കില്ല. ഈ രാജ്യത്ത് ബിജെപി ഉള്ളിടത്തോളം കാലം അതിന് അനുവദിക്കില്ല. ഒബിസിക്കാർക്കും ദളിതർക്കും ഗോത്രവർഗക്കാർക്കുമാണ് ബാബാ സാഹേബ് അംബേദ്കർ സംവരണം അനുവദിച്ചത്. ആ തീരുമാനത്തെയും നിയമവ്യവസ്ഥയേയും അനാദരിക്കാൻ ബിജെപി അനുവദിക്കില്ല. – അമിത് ഷാ വ്യക്തമാക്കി.