ക്വറ്റ: പാകിസ്താനിലെ ചാവേറാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 30 കവിഞ്ഞതായാണ് റിപ്പോർട്ട്. പാകിസ്താനിലെ ബലൂചിസ്ഥാൻ മേഖലയിലെ ക്വറ്റ മെയിൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ഭീകരാക്രണം. തിരക്കേറിയ പ്ലാറ്റ്ഫോമിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ 46 പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ട 25 പേരിൽ 14 പേരും പാക് പട്ടാളക്കാരാണെന്ന് പൊലീസ് അറിയിച്ചു.
‼️ MOMENT OF RAILWAY BLAST IN QUETTA, 🇵🇰 BALOCHISTAN 👇
बलूचिस्तान के क्वेटा शहर में रेलवे विस्फोट का क्षण
Video credit: social media https://t.co/bGjw5ryBkh pic.twitter.com/KqJroBZVhv
— Sputnik India (@Sputnik_India) November 9, 2024
കൊല്ലപ്പെട്ടവരുടെ മൃതദേഹം റെയിൽവേ പ്ലാറ്റ്ഫോമിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നു. പ്ലാറ്റ്ഫോമിന്റെ മേൽക്കൂര പൂർണമായും തകർന്നുവീണു. പെഷവാറിലേക്ക് പോകാനായി ജാഫർ എക്സ്പ്രസ് പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെടാൻ തുടങ്ങുമ്പോഴാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി (BLA) ഏറ്റെടുത്തിട്ടുണ്ട്.
BLA ഗ്രൂപ്പിന്റെ വക്താവ് ജീയന്ദ് ബലോച്ച് ആണ് ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയത്. “ഇന്ന് രാവിലെ, ഇൻഫൻട്രി സ്‌കൂളിലെ കോഴ്‌സ് പൂർത്തിയാക്കി ജാഫർ എക്‌സ്‌പ്രസിൽ മടങ്ങുകയായിരുന്ന പാകിസ്താൻ സൈനിക യൂണിറ്റിന് നേരെയാണ് ക്വറ്റ റെയിൽവേ സ്‌റ്റേഷനിൽ ആക്രമണം നടത്തിയത്. BLAയുടെ ഫിദായി യൂണിറ്റായ മജീദ് ബ്രിഗേഡാണ് ഇതിനായി പ്രവർത്തിച്ചത്.” BLA വ്യക്തമാക്കി.
പാക് സൈനികരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയിരിക്കുന്നതെന്ന് ബലൂചിസ്ഥാൻ പൊലീസ് ഐജി ജാഹ് അൻസാരിയും പ്രതികരിച്ചു. ആക്രമണത്തെ അപലപിച്ച ബലൂച് മുഖ്യമന്ത്രി സർഫ്രാസ് ബുഗ്ടി, സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.















