മുനമ്പം: ക്രൈസ്തവ പുരോഹിതർ വർഗീയത പറയുന്നുവെന്ന വഖ്ഫ് മന്ത്രിയുടെ വിവാദ പരാമർശത്തിന് മറുപടി നൽകി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മന്ത്രി പറയുന്നത് കേട്ട് എന്റെ ളോഹ ഊരി മാറ്റാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. പുരോഹിതനായത് കൊണ്ട് എന്റെ ആശയങ്ങൾക്ക് മാറ്റം വരുന്നില്ല. ളോഹ ഊരി മാറ്റി ഖദർ ഷർട്ടിട്ട് സമരപ്പന്തലിൽ നിൽക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. അതല്ല അതിന്റെ മാർഗമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുനമ്പത്തെ ജനങ്ങളുടെ അരക്ഷിതാവസ്ഥയിൽ അവർക്കൊപ്പമുണ്ടെന്ന ഉറപ്പ് നൽകാനായിട്ടാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കടലിനോട് മല്ലടിച്ച് ജീവിക്കുന്നവരെ ഇറക്കി വിടാനുള്ള ശ്രമങ്ങൾ നീചമായിട്ടുള്ള പ്രവൃത്തിയാണെന്നും ജനാധിപത്യവിരുദ്ധവുമാണ്. അതിന്റെ കാരണക്കാർക്ക് സമൂഹം മാപ്പ് നൽകില്ലെന്ന് ഉറപ്പാണ്. മുനമ്പത്തുകാർ വഖ്ഫിന്റെ അധീനതയിലായത് ഒരു പക്ഷേ അറിയുന്നാണ്ടാവില്ല, ഇനി ആരൊക്കെ വരുമെന്നും അറിയില്ല. ഞങ്ങൾ സമരക്കാരുടെ ഇടയന്മാർ ആണ്. ജനങ്ങളുടെ കൂടേ നിൽക്കുന്നില്ലെങ്കിൽ ഒറ്റുകാരാകും. ജനാധിപത്യത്തിലും ഭരണഘടനയിലുമാണ് പ്രതീക്ഷ. പ്രശ്നം പരിഹരിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരാഹാര സമരത്തിന്റെ 28-ാം നാളാണ് സിറോ മലബാർ സഭ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തിയത്.
മുനമ്പം സമരത്തിൽ ക്രൈസ്തവ സഭ വർഗീയത കലർത്തുന്നുവെന്നും ഇത് അനുവദിക്കില്ലെന്നുമായിരുന്നു ന്യൂനപക്ഷ മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞത്. ചാനൽ ചർച്ചയ്‌ക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം.















