ന്യൂയോർക്ക്: ന്യൂയോർക്കിലെ സോത്ത്ബിയിൽ AI ഹ്യൂമനോയ്ഡ് റോബോട്ട് വരച്ച കലാസൃഷ്ടി ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് തുകയ്‌ക്ക്. ഒരു മില്യൺ ഡോളറാണ് പെയിന്റിംഗ് സ്വന്തമാക്കിയത്. ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ അലൻ ട്യൂറിങ്ങിന്റെ 7.5 അടി ഉയരമുള്ള ഛായാചിത്രമാണ് എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതൽ സ്വന്തമാക്കിയത്.
ഏയ്ഡൻ മില്ലർ വികസിപ്പിച്ചെടുത്ത ഹ്യൂമനോയ്ഡ് റോബോട്ട് ആർട്ടിസ്റ്റായ ഐ-ഡയാണ് ‘AI ഗോഡ്: പോർട്രെയിറ്റ് ഓഫ് അലൻ ട്യൂറിംഗ്’ എന്ന് പേരിട്ടിരിക്കുന്ന കലാസൃഷ്ടിക്ക് പിന്നിൽ. തന്റെ റോബോട്ടിക് കൈയും AI അൽഗോരിതങ്ങളും ഉപയോഗിച്ചാണ് ഐ-ഡ പെയിന്റിംഗുകൾ, ശില്പങ്ങൾ, മറ്റ് കലാരൂപങ്ങൾ എന്നിവ സൃഷ്ടിക്കുന്നത്. ഏയ്ഡൻ മില്ലറും യുകെയിലെ കോൺവാളിലുള്ള ഒരു റോബോട്ടിക്‌സ് കമ്പനിയും തമ്മിൽ സഹകരിച്ചാണ് 2019 ൽ ഹ്യൂമനോയ്ഡ് റോബോട്ടിക് ആർട്ടിസ്റ്റായ ഐ-ഡയെ പ്രവർത്തനക്ഷമമാക്കുന്നത്.
രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മൻ കോഡുകൾ ഡീക്രിപ്റ്റ് ചെയ്യാൻ സഹായിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ അലൻ ട്യൂറിങ്ങായിരുന്നു പെയിന്റിംഗിന്റെ വിഷയം. സ്വവർഗരതിയുടെ പേരിൽ പീഡനങ്ങൾ നേരിടേണ്ടി വന്ന ഇയാൾ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. ഐ-ഡയുടെ പ്രവർത്തനങ്ങൾ AIയുടെ ഭാവിയെക്കുറിച്ചും അത് മനുഷ്യരാശിയിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും വെളിച്ചം വീശുമെന്ന് മില്ലർ പറഞ്ഞു.