നയതന്ത്രബന്ധം വഷളാകുന്നതിനിടെ പ്രതികാര നടപടിയുമായി കാനഡ. വിദേശ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന ഫാസ്റ്റ് ട്രാക്ക് സ്റ്റുഡൻ്റ് വിസ നൽകുന്നത് അവസാനിപ്പിക്കുന്നതായി കാനഡ അറിയിച്ചു. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്.) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ് കാനഡ (IRCC) അറിയിച്ചു.
വിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് ചേക്കേറിയവർക്കാണ് ഇരുട്ടടിയായിരിക്കുന്നത്. വിദേശ വിദ്യാർഥികൾക്ക് കാനഡയിൽ തുടർവിദ്യാഭ്യാസം നേടാൻ കാലതാമസം വരാതിരിക്കാൻ എസ്.ഡി.എസ്. പദ്ധതി ഗുണം ചെയ്തിരുന്നു. അപേക്ഷിച്ച് 20 ദിവസത്തിനകം രേഖകൾ പരിശോധിച്ച് അപേക്ഷകൾ അംഗീകരിച്ചിരുന്ന കാനഡയുടെ പദ്ധതിയാണ് എസ്ഡിഎസ്. ഇന്ത്യ, ചൈന എന്നിവിടങ്ങൾ ഉൾപ്പടെ 14 രാജ്യങ്ങളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് 2018-ലാണ് കാനഡ പദ്ധതി ആവിഷ്കരിച്ചത്.
കനേഡിയൻ ഗ്യാരന്റീസ് ഇൻവെസ്റ്റ്മെന്റ് സർട്ടിഫക്കറ്റും ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷാ പരിജ്ഞാനവും ഉണ്ടെങ്കിൽ ആഴ്ചകൾക്കുള്ളിൽ വിസ നൽകുന്നതായിരുന്നു പദ്ധതി. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിസ റദ്ദാക്കുന്നതെന്നാണ് കനേഡിയൻ സർക്കാർ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളിൽ 80 ശതമാനം പേരും എസ്ഡിഎസ് വിസയിലാണ് കാനഡയിലെത്തിയിരുന്നത്.
10 വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയും കാനഡ നിർത്തലാക്കി. ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്കെല്ലാം മൾട്ടിപ്പിൾ എൻട്രി വിസയാണ് അനുവദിച്ചിരുന്നത്. ഇനി മുതൽ എല്ലാവർക്കും ഇത് ലഭിക്കില്ല. വിസ അനുവദിക്കുന്ന ഇമിഗ്രേഷൻ ഓഫിസർക്ക് കാലാവധി, എൻട്രി എന്നിവയെല്ലാം തീരുമാനിക്കാം. വിനോദസഞ്ചാര വിസയിലെത്തി അനധികൃതമായി കുടിയേറുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിലും വിസ ചട്ടങ്ങൾക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കിയേക്കുമെന്നാണ് വിവരം.