കൊച്ചി: അബ്ദുൾ നാസർ മദനി ചെയർമാനായ പിഡിപിയുടെ പിന്തുണ ഇത്തവണയും ഇടതുമുന്നണിക്ക്. എൽഡിഎഫിനെ പിന്തുണയ്‌ക്കാനുള്ള മുൻതീരുമാനത്തിൽ മാറ്റമില്ലെന്ന് സംസ്ഥാന നേതൃത്വം വാർത്തസമ്മേളനത്തിൽ അറിയിച്ചു. സിപിഎം നേതാവ് പി. ജയരാജന്റെ പുസ്തകത്തിനെതിരെ അടുത്തിടെ പിഡിപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നുവെങ്കിലും വോട്ടുനൽകുന്ന കാര്യത്തിൽ മാറ്റമില്ലെന്നാണ് നിലപാട്.
പാർട്ടി രൂപീകൃതമായ 1993 മുതൽ (2021ലെ തെരഞ്ഞെടുപ്പിൽ ഒഴികെ) എൽഡിഎഫിനാണ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പിന്തുണ നൽകിയതെന്നും വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിൽ അതിന് മാറ്റമില്ലെന്നും പിന്തുണ നൽകുന്നത് തുടരുമെന്നും പിഡിപി വൈസ്ചെയർമാൻ അഡ്വ. മുട്ടം നാസർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന-കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ഏതാനും ആഴ്ചകൾക്ക് മുൻപായിരുന്നു പി. ജയരാജന്റെ പുസ്തക പ്രകാശനത്തോട് അനുബന്ധിച്ച് പിഡിപി വീണ്ടും വാർത്തകളിൽ ഇടംനേടിയത്. മദനിയെക്കുറിച്ച് ജയരാജൻ നടത്തിയ പരാമർശം പാർട്ടിയെ ചൊടിപ്പിച്ചിരുന്നു. ‘കേരളം, മുസ്ലീം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം’ എന്ന പേരിൽ പി. ജയരാജൻ എഴുതിയ പുസ്തകത്തിലായിരുന്നു മദനിയെക്കുറിച്ച് പറഞ്ഞത്. കേരളത്തിലെ യുവാക്കൾക്കിടയിൽ തീവ്രവാദ ചിന്ത വിളർത്തുന്നതിൽ മദനിയുടെ പ്രസംഗങ്ങൾ കാരണമായിട്ടുണ്ടെന്ന് ജയരാജൻ തുറന്നടിച്ചിരുന്നു.