കെ.ആർ. നാരായണൻ ജനങ്ങളോടുളള പ്രതിബദ്ധതയ്ക്ക് പ്രഥമപരിഗണന നൽകിയ നയതന്ത്രജ്ഞനെന്ന് പശ്ചിമ ബംഗാൾ ഗവർണർ . ശാന്തിഗിരിയിൽ നടന്ന കെ.ആർ.നാരായണന്റെ 19-ാം അനുസ്മരണ സമ്മേളനം സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. ഹാപ്പിനസ് ഗാർഡനിൽ സ്ഥാപിതമായ കെ.ആർ.നാരായണന്റെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനം ഗവർണർ നിർവഹിച്ചു.
മതത്തിനതീതമായ രാഷ്‌ട്രീയ ചിന്ത ലോകത്തിന് നൽകിയ യുഗപുരുഷനാണ് നവജ്യോതി ശ്രീകരുണാകര ഗുരുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്.
ശാന്തിഗിരി ആശ്രമവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു കെ.ആർ. നാരായണൻ. 1998 കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ സഹോദരി കെ.ആർ. ഗൗരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിനെ കാണാൻ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെത്തിയിരുന്നു. പിന്നീട് കെ.ആർ.നാരായണൻ ആശ്രമത്തിൽ എത്തിയിരുന്നു. ഗുരുദർശനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പിൽക്കാലത്ത് തന്റെ കോട്ടയം ഉഴവൂരിലെ കുടുംബവീട് ഗുരുവിന് സമർപ്പിക്കുകയുണ്ടായി.
ആയുർവേദ-സിദ്ധ ചികിത്സാശാസ്ത്രങ്ങളോട് വളരെയധികം താൽപര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം 2005 ഫെബ്രുവരി 15-ന് ഉഴവൂരിൽ ശാന്തിഗിരി ആയൂർവേദ ആൻഡ് സിദ്ധ ഗവേഷണ കേന്ദ്രം സ്ഥാപിതമായി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗാണ് കേന്ദ്രം നാടിന് സമർപ്പിച്ചത്. രാജ്യത്തിന് നൽകിയ സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് ഡൽഹിയിലെ സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ കെ.ആർ.നാരായണനെ ശാന്തിഗിരി ആശ്രമം രാജ്യത്തിനുവേണ്ടി ആദരിച്ചു. 2004 ൽ ‘ആരോഗ്യം-സമാധാനം-ആത്മീയത’ എന്നീ വിഷയങ്ങളെ മുൻനിർത്തി ശാന്തിഗിരി അന്തർദേശീയ സെമിനാർ നടത്തിയിരുന്നു. ജന്മനാട്ടിൽ വച്ച് തന്നെ ലോകത്തിന് മുന്നിൽ ശാന്തിഗിരിക്ക് അംഗീകാരം ലഭിച്ചത് ചരിത്രം കൂടിയായി മാറിയിരുന്നു.















