ലക്നൗ : ദേവ് ദീപാവലിയിൽ കാശിയിൽ തെളിയുക ഇരുപത് ലക്ഷം ദീപങ്ങൾ . കാശിയിലെ എല്ലാ ഘാട്ടുകളിലും വിളക്കുകൾ തെളിയിക്കാനാണ് തീരുമാനം . 12 ലക്ഷം വിളക്കുകൾ ജില്ലാ ഭരണനേതൃത്വവും ഏഴ് ലക്ഷം ദീപങ്ങൾ വിവിധ കമ്മിറ്റികളും ഒരു ലക്ഷം ദീപങ്ങൾ നഗരവാസികളും തെളിയിക്കും. ഒരു മില്യണോളം വിനോദസഞ്ചാരികൾ ദേവ് ദീപാവലിയ്‌ക്കായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തവണത്തെ ദേവ് ദീപാവലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് എസ്.രാജലിംഗം പറഞ്ഞു. ലക്ഷക്കണക്കിന് വിളക്കുകൾക്കൊപ്പം ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ഗംഗാ ഗേറ്റിലും ചേത് സിംഗ് ഘട്ടിലും ലേസർ ഷോയും സംഘടിപ്പിക്കും. കൂടാതെ, ഗംഗയുടെ മറുവശത്തുള്ള രാംനഗറിലെ മണൽ പ്രദേശത്ത് വൻ ആഘോഷവും ഉണ്ടായിരിക്കും.
നവംബർ 15 ന് ആഘോഷിക്കുന്ന ദേവ് ദീപാവലിക്ക് മുമ്പ്, ഗംഗയിലെ അസ്സി ഘട്ടിൽ നവംബർ 12 മുതൽ 14 വരെ ഗംഗാ മഹോത്സവം സംഘടിപ്പിക്കും. ദേവ് ദീപാവലി ദിനത്തിൽ വിനോദസഞ്ചാര വകുപ്പ് “ഏക് ദിയ കാശി കേ നാം” എന്ന ക്യാമ്പയിനും നടത്തും . ഇതിൽ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക് തങ്ങളുടെ പൂർവ്വികരുടെ പേരിൽ ഗംഗയുടെ തീരത്തുള്ള ഘട്ടിൽ വിളക്കുകൾ തെളിയിക്കാനായി സംഭാവന നൽകാനാകും. വാരണാസിയിൽ ആഘോഷിക്കുന്ന കാർത്തിക പൂർണിമ ഉത്സവമാണ് ദേവ് ദീപാവലി.















