മലപ്പുറം: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി ഒ. ആർ കേലഉ ചങ്ങാടത്തിൽ കുടുങ്ങി. മലപ്പുറം വഴിക്കടവിലാണ് സംഭവം. മന്ത്രിയും എൽഡിഎഫ് നേതാക്കളും പുന്നപ്പുഴ കടക്കുന്നതിനിടെയാണ് കുടുങ്ങിയത്. പൊലീസും തണ്ടർബോൾട്ടും ചേർന്ന് അര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിലൊടുവിലാണ് മന്ത്രിയെയും സംഘത്തെയും കരയ്‌ക്കെത്തിച്ചത്.
മന്ത്രി ഉൾപ്പടെ പത്തംഗ സംഘമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വഴിക്കടവിലെ കുഞ്ചക്കൊല്ലി കോളനിയിലെത്തിയത്. ഇതിനിടയിലാണ് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടം പുഴയ്‌ക്ക് നടുവിലുള്ള കല്ലിൽ തട്ടി നിന്നത്. നാല് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ചങ്ങാടത്തിൽ പത്ത് പേർ കയറിയതാണ് പ്രശ്നമായതെന്നാണ് വിവരം.
കുഞ്ചക്കൊല്ലി കോളനിയിലേക്ക് പോകാനായി 2018 വരെ ഇരുമ്പിന്റെ പാലമുണ്ടായിരുന്നു. പ്രളയത്തിൽ തകർന്ന പാലം വർഷങ്ങൾ കഴിഞ്ഞിട്ടും നിർമിച്ചിട്ടില്ല. പാലം നിർമിക്കണമെന്ന് വനവാസികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. രോഗികളെ ഉൾപ്പടെ മറുകരയിലെത്തിക്കാൻ ഈ ചങ്ങാടം തന്നെയാണ് നാട്ടുകാർ ഉപയോഗിക്കുന്നത്.