ന്യൂഡൽഹി: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ വെടിവെച്ചിട്ട ഡ്രോണുകളുടെ എണ്ണം 200 കവിഞ്ഞതായി ബിഎസ്എഫ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ഡ്രോണുകൾ കൂടി കണ്ടെത്തി. ഇതിലൂടെ മയക്കുമരുന്നും ആയുധങ്ങളും കടത്തി ഇന്ത്യയിലെ യുവാക്കളെ ലഹരിക്ക് അടിമപ്പെടുത്താനും മേഖലയിൽ സാമൂഹിക അസ്ഥിരത ഉണ്ടാക്കാനുമാണ് പാകിസ്താന്റെ ശ്രമമെന്ന് BSF ന്റെ പ്രസ്താവനയിൽ പറഞ്ഞു.
പഞ്ചാബിലെ 553 കിലോമീറ്റർ ഉൾപ്പടെ ഇന്ത്യയിലുടനീളമുള്ള പടിഞ്ഞാറൻ അതിർത്തിയുടെ 2,290 കിലോമീറ്റർ മേഖലയിൽ കാവൽ നിൽക്കുന്നത് ബിഎസ്എഫ് ആണ്. 2023 ൽ പഞ്ചാബ് അതിർത്തിയിൽ 107 ഡ്രോണുകൾ പിടിച്ചെടുത്തതായി ബിഎസ്എഫ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഈ വർഷം ഇരട്ടിയായി. മേഖലയിൽ ഡ്രോൺ വിരുദ്ധ തന്ത്രങ്ങൾ വർദ്ധിപ്പിച്ചതും അതിർത്തിയിലുടനീളം നൂതന സാങ്കേതിക പ്രതിരോധ നടപടികൾ നടപ്പിലാക്കിയതുമാണ് ഇത്രയധികം ഡ്രോണുകൾ പിടിച്ചെടുക്കാൻ സഹായിച്ചതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവയിൽ ബിഎസ്എഫ് നേരിട്ട് വെടിവച്ചിട്ടവയും ആകാശമധ്യേ ആന്റി ഡ്രോൺ ടെക്നോളജി ഉപയോഗിച്ച് നിർവീര്യമാക്കിയവയും നിലത്ത് പതിച്ച നിലയിൽ കണ്ടെത്തിയവയും ഉൾപ്പെടുന്നു. ഡ്രോണുകളിൽ ഭൂരിപക്ഷവും ചൈനീസ് നിർമ്മിതമാണ്. മയക്കുമരുന്ന്, തോക്കുകൾ, മറ്റ് ആയുധങ്ങൾ എന്നിവയാണ് ഇവയിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്.
ഡ്രോണുകൾ വഴി വലിയതോതിൽ മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നുണ്ടെന്ന് ബിഎസ്എഫ് പറഞ്ഞു. പാകിസ്താനിൽ നിന്നും പഞ്ചാബിലൂടെ കടത്തിയിരുന്ന ലഹരിയുടെ വലിയൊരു പങ്കും ഇപ്പോൾ ഡ്രോൺ വഴിയാണ് കടത്തുന്നതെന്നും ബിഎസ്എഫ് പറഞ്ഞു.















