പച്ചമുളക്.. ഇന്ത്യൻ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത പദാർത്ഥമാണിത്. ഒട്ടുമിക്ക ഇന്ത്യൻ ഡിഷുകളിലും പച്ചമുളക് ചേർക്കുന്നതാണ് പതിവ്. ഭക്ഷണത്തിന് രുചി കൂടുമെന്നതിനാൽ എല്ലാ ഇന്ത്യൻ അടുക്കളയിലെയും സ്ഥിരം അതിഥിയാണ് പച്ചമുളക്. ഇന്ത്യയിലെ ചില മേഖലകളിൽ ആഹാരത്തിനൊപ്പം പച്ചമുളക് കടിച്ച് കഴിക്കുന്ന ശീലമുള്ളവരുണ്ട്.
ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പാത്രത്തിനരികിൽ ഒരു പച്ചമുളകും അവർ കരുതിയിട്ടുണ്ടാകും. ഒരോ തവണ വായിലേക്ക് ഭക്ഷണം വയ്‌ക്കുമ്പോഴും ഒരുതവണ മുളക് കടിക്കും. അങ്ങനെ ഉച്ചയൂണ് അവസാനിക്കുമ്പോൾ ഒന്നോ രണ്ടോ പച്ചമുളകും അകത്താക്കിയിട്ടുണ്ടാകും. ഇങ്ങനെ കഴിക്കുന്നത് കൊണ്ട് എന്താണ് ഗുണം? നോക്കാം..
ഭാരം കുറയ്‌ക്കൽ
പച്ചമുളകിൽ അടങ്ങിയിരിക്കുന്ന ക്യാപ്സൈസിൻ എന്ന ഘടകം മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുന്നു. അതുവഴി ശരീരത്തിന്റെ പലയിടത്തായി സംഭരിക്കപ്പെട്ട കൊഴുപ്പ് ഇല്ലാതാകും. മുളകിലെ വിറ്റമിൻ ബി5-ന്റെ സാന്നിധ്യം ഫാറ്റി ആസിഡുകളെയും ഇല്ലാതാക്കും. കലോറി ഇല്ലാത്തതിനാൽ ഭക്ഷണത്തോടൊപ്പം കഴിക്കാൻ പച്ചമുളക് അനുയോജ്യമാണ്.
കാഴ്ചശക്തി കൂട്ടാൻ
വിറ്റമിൻ എ-യുടെ അളവ് കുറഞ്ഞാൽ അന്ധതയ്‌ക്ക് വരെ കാരണമാകാം. പച്ചമുളകിൽ ധാരാളം വിറ്റമിൻ എ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കാഴ്ചശക്തി ത്വരിതപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ കണ്ണിന്റെ ആരോഗ്യത്തിനാവശ്യമായ കോപ്പറും പച്ചമുളകിലുണ്ട്.
ചർമ്മത്തിന്റെ തിളക്കത്തിന്
ആന്റിഓക്സിഡന്റായ വിറ്റമിൻ സി പച്ചമുളകിൽ ധാരാളമുണ്ട്. ആരോഗ്യമുള്ള ചർമത്തിന് ആവശ്യമായ കൊളാജൻ ഉത്പാദിപ്പിക്കുന്നതിന് വിറ്റമിൻ സി സഹായിക്കും. ചർമ്മത്തിലെ കുരുക്കൾ, പാടുകൾ, ചുളിവുകൾ എന്നവയകറ്റാനും പച്ചമുളകിലെ ഘടകങ്ങൾ സഹായിക്കുന്നു.
മനസിനെ ശാന്തമാക്കും
ഉത്കണ്ഠ അകറ്റി സന്തോഷമായിരിക്കാൻ മനസിനെയും ശരീരത്തെയും സഹായിക്കുന്ന ആന്റി-ഡിപ്രസന്റ് ഘടകമായ ക്യാപ്സൈസിൻ പച്ചമുളകിലുണ്ട്.
അസുഖങ്ങളെ തടയും
പച്ചമുളകിലുള്ള ഫൈറ്റോ ന്യൂട്രിയന്റുകൾ ആസ്ത്മ, ചുമ, ജലദോഷം എന്നിങ്ങനെയുള്ള ശ്വാസകോശ രോഗങ്ങൾ തടയുന്നതിനും ശ്വാസകോശ അർബുദ സാധ്യത കുറയ്‌ക്കുന്നതിനും സഹായിക്കും.
അതേസമയം ആരോഗ്യപ്രശ്നങ്ങളുള്ളവർ നിങ്ങളുടെ ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രം പച്ചമുളക് ഉച്ചയൂണിനൊപ്പം കഴിക്കാൻ ശ്രദ്ധിക്കുക.















