ന്യൂഡൽഹി: അടുത്തിടെ സമാപിച്ച ശുചീകരണ യജ്ഞത്തിൽ ആക്രി വിറ്റ് കേന്ദ്ര സർക്കാർ സമ്പാദിച്ചത് 650 കോടിയിലധികം രൂപ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021-24 മുതൽ സർക്കാർ നടത്തിയ പ്രത്യേക ശുചീകരണ യജ്ഞങ്ങളിലൂടെ ആക്രി വിറ്റ് 2,364 കോടി രൂപയുടെ വരുമാനം ഉണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
സ്പെഷ്യൽ ക്യാമ്പെയ്ൻ 4.0 സ്ഥാപനങ്ങൾ ശുചിത്വവൽക്കരിക്കുന്നതിനും സർക്കാർ ഓഫീസുകളിലെ കെട്ടിക്കിടക്കുന്ന ആക്രി വസ്തുക്കൾ കുറയ്‌ക്കാനുമുള്ള ഇന്ത്യയുടെ ഏറ്റവും വലിയ കാമ്പെയ്‌നാണെന്ന് കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. 2024 ഒക്ടോബർ 2 മുതൽ 31 വരെയുള്ള കാലയളവിൽ സ്പെഷ്യൽ കാമ്പയിൻ 4.0 യുടെ ഭാഗമായി 650 കോടിയിലധികം രൂപയുടെ വരുമാനം ഉണ്ടാക്കിയതായി പേഴ്സണൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
5.97 ലക്ഷത്തിലധികം സൈറ്റുകൾ സ്വച്ഛത ക്യാമ്പെയ്‌നിന്റെ ഭാഗമായി ഏറ്റെടുത്തു. ആക്രികൾ നീക്കം ചെയ്തതിലൂട ഓഫീസ് ഉപയോഗത്തിനായി 190 ലക്ഷം ചതുരശ്ര അടി സ്ഥലം അധികമായി ലഭിക്കുകയും ചെയ്‌തു. മിക്ക മന്ത്രാലയങ്ങളും വകുപ്പുകളും റിപ്പോർട്ട് ചെയ്ത ലക്ഷ്യങ്ങളുടെ 90-100 ശതമാനം കൈവരിച്ചതോടെ ഒക്ടോബർ 31-ന് സ്പെഷ്യൽ കാമ്പെയ്ൻ 4.0 സമാപിച്ചു. എല്ലാ ഡാറ്റയും സമാഹരിച്ച ശേഷം, നവംബർ 14 മുതൽ മൂല്യനിർണ്ണയ ഘട്ടം ആരംഭിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.















