ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ സമൂഹ മാദ്ധ്യമങ്ങൾ വഴി പാക് കേന്ദ്രീകൃത ഭീകര സംഘടനകൾ നടത്തുന്ന ഇടപെടലുകൾ വർദ്ധിച്ചതായി റിപ്പോർട്ട്. ഇന്ത്യാ വിരുദ്ധ ആശയം പ്രചരിപ്പിക്കുന്നതിനൊപ്പം സ്കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങൾ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്റുകൾ. ഇത്തരത്തിലുള്ള സമൂഹ മാദ്ധ്യമ പോസ്റ്റുകളുടെ ഗണ്യമായ വർധനവാണ് കഴിഞ്ഞ ഒരു മാസത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നതെന്നും സുരക്ഷാ ഏജൻസികൾ അറിയിച്ചു.
പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീകരവാദ ഗ്രൂപ്പുകളാണ് ഫെയ്സ്ബുക്ക്, എക്‌സ്, ടെലഗ്രാം, തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഭീകരവാദ ആശയം പ്രചരിപ്പിച്ചുകൊണ്ട് കശ്മീരിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്നത്. ഇന്ത്യാ വിരുദ്ധ ആശയ പ്രചാരണത്തിനൊപ്പം ആയുധമെടുത്ത് പോരാടാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്രമിക്കാനും സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്. സുരക്ഷാ ഏജൻസികൾ നടത്തിയ വിശകലനത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഇത്തരം സ്വഭാവമുള്ള 2,000ത്തിൽ അധികം പോസ്റ്റുകൾ കണ്ടെത്തിയിരുന്നു. അതിൽ 310 പോസ്റ്റുകൾ ഇന്ത്യയെ ആക്രമിക്കാനും തീവ്ര ഇസ്ലാമിക ആശയം ഉൾക്കൊള്ളുന്നതുമാണ്. 2023ൽ ഇത്തരത്തിലുള്ള 89 പോസ്റ്റുകൾ മാത്രമാണ് ആകെ കണ്ടെത്തിയത്. അതിനേക്കാൾ 22 ഇരട്ടിയിലധികം പോസ്റ്റുകളാണ് കഴിഞ്ഞ ഒറ്റ മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ശക്തമായ സൈനിക നടപടിയിലൂടെ ഒരു പരിധിവരെ അവസാനിപ്പിച്ച പ്രാദേശിക ഭീകരവാദ റിക്രൂട്ട്‌മെൻ്റ് ശക്തമാക്കുന്നതിനുള്ള ആസൂത്രണം ഭീകരവാദ ഗ്രൂപ്പുകൾ നടത്തുന്നതായും യുവാക്കളെ സ്വാധീനിക്കുന്നതിനായി പ്രത്യേക പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.