റാഞ്ചി: ഝാർഖണ്ഡിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹേമന്ത് സോറൻ സർക്കാർ ഝാർഖണ്ഡിനെ കൊള്ളയടിച്ചുവെന്നും കോൺഗ്രസ് അവരുടെ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഝാർഖണ്ഡിലെ ബൊക്കാരോ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസും ഝാർഖണ്ഡ് മുക്തി മോർച്ചയും ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലൂടെ ആയിരക്കണക്കിന് യുവാക്കളുടെ ജീവിതം സംസ്ഥാന സർക്കാർ തകർത്തു. സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളുടെ പണം ഉപയോഗിച്ചാണ് കോൺഗ്രസ് നേതാക്കൾ അവരുടെ മക്കൾക്ക് ഭാവി ഒരുക്കികൊടുക്കുന്നത്.
സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നാൽ ഒരു അഴിമതിക്കാരനെ പോലും വെറുതെവിടില്ല. ഏറ്റവും കടുത്ത ശിക്ഷ തന്നെ അവർക്ക് ഞങ്ങൾ നൽകും. നിയമപരമായി പോരാടുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുകയാണ്. പേപ്പർ ചോർച്ചയ്‌ക്ക് കാരണക്കാരായവരെ ഞങ്ങൾ ജയിലഴിക്കുള്ളിലാക്കും. യുവാക്കളുടെ ഭാവി തകർത്തെറിഞ്ഞ ദുഷ്ടശക്തികളെ ഇവിടെ നിന്നും തുടച്ചുനീക്കും.
കോൺഗ്രസ് നേതാക്കളുടെ ഓഫീസുകളിൽ നിന്നും വീടുകളിൽ നിന്നും നോട്ടുകളുടെ കൂമ്പാരമാണ് എൻഐഎ കണ്ടെത്തിയത്. ഈ പണം എവിടെ നിന്നാണ് വന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കണം. ഝാർഖണ്ഡിന്റെ വികസനത്തിനായി മൂന്ന് ലക്ഷം കോടി കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. ഈ തുക സംസ്ഥാന സർക്കാർ എന്ത് ചെയ്തെന്ന് അറിയണം. അവർ ഒരിക്കൽ പോലും സംസ്ഥാനത്തിന്റെ പുരോഗതിയ്ക്കായി പ്രവർത്തിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.