എറണാകുളം: കേരളത്തിലെ ആദ്യ ജലവിമാനം കൊച്ചിയിൽ പറന്നിറങ്ങി. വിജയവാഡയിൽ നിന്ന് രാവിലെ 11 മണിയ്‌ക്ക് പുറപ്പെട്ട വിമാനം ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയതത്. സംസ്ഥാനത്തെ ആദ്യ ജലവിമാനത്തിന് ചെണ്ട മേളത്തോടെയായിരുന്നു സ്വീകരണം. വാട്ടർ സല്യൂട്ട് നൽകിയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ സീപ്ലെയിനെ വരവേറ്റത്.
മൂന്ന് തവണ ബോൾഗാട്ടി കായലിന് ചുറ്റും വട്ടമിട്ട് പറന്നതിന് ശേഷമാണ് ജലവിമാനം ലാൻഡ് ചെയ്തത്. ജലവിമാനത്തെ സ്വീകരിക്കാനായി നിരവധി ആളുകളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഒമ്പത് പേർക്ക് യാത്ര ചെയ്യാനാകുന്ന വിമാനമാണ് എത്തിയത്.
നാളെ രാവിലെ 9.30-ന് കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്നും പറന്നുയരുന്ന സീപ്ലെയിൻ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറങ്ങും. വിനോദസഞ്ചാര മേഖലയ്‌ക്ക് സുപ്രധാന മുതൽക്കൂട്ടായ ജലവിമാനം കാണാനായി നിരവധി ആളുകളും എത്തിയിരുന്നു.
കരയിലും വെള്ളത്തിലും ഉപയോഗിക്കാൻ കഴിയുന്ന ആംഫീബിയൻ ജലവിമാനങ്ങളാണ് സീപ്ലെയിനുകൾ. ടൂറിസത്തിന് പുറമേ അടിയന്തര സന്ദർഭങ്ങളിലും ജലവിമാനം ഉപയോഗിക്കാവുന്നതാണ്. കൊച്ചി കായലിന്റെയും മൂന്നാറിന്റെയുമൊക്കെ പ്രകൃതിഭംഗി വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാം. 290 കിലോമീറ്റർ വേഗതയിൽ നാല് മണിക്കൂർ തുടർച്ചയായി പറക്കാനാകും.
അതേസമയം സീപ്ലെയൻ ലാൻഡ് ചെയ്യുന്നതിനും പരീക്ഷണപ്പറക്കൽ നടത്തുന്നതിനുമായി മത്സ്യബന്ധന ബോട്ട്, ടൂറിസ്റ്റ് ബോട്ടുകൾ, വാട്ടർ മെട്രോ, സ്വകാര്യ ബോട്ടുകൾ തുടങ്ങിയവയ്‌ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.
സീപ്ലെയ്ൻ ബോൾഗാട്ടി മറീനയിൽ വിജയകരമായി ലാൻഡ് ചെയ്തതിനെ തുടർന്നാണ് നിയന്ത്രണം നീക്കിയത്. തിങ്കളാഴ്ച രാവിലെ 9 മുതൽ 11 വരെ കൊച്ചി കായലിൽ നിന്നുളള സീപ്ലെയ്‌നിന്റെ ആദ്യ പരീക്ഷണ പറക്കൽ നടക്കുന്നതിനാൽ ആ സമയത്തും ബോട്ടുകൾക്ക് നിയന്ത്രണമുണ്ടായിരിക്കും.















