ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ (MBRL) സംവിധാനത്തിൽ താല്പര്യം പ്രകടിപ്പിച്ച് ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥർ. നയതന്ത്ര, പ്രതിരോധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം വർദ്ധിപ്പിക്കാൻ മുന്നോട്ട് വന്ന സാഹചര്യത്തിലാണ് ഒരു മുതിർന്ന ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത പിനാക റോക്കറ്റ് സംവിധാനം സോളാർ ഇൻഡസ്ട്രീസ്, ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ, ഓർഡനൻസ് ഫാക്ടറി ബോർഡ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾ ചേർന്നാണ് നിർമ്മിച്ചത്. അർമേനിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് പിനാക ഇതിനോടകം കയറ്റുമതി ചെയ്തിട്ടുമുണ്ട്.
പിനാക MBRL ആഗോള തലത്തിൽ തന്നെ വളരെയധികം പ്രാധാന്യം നേടിയ റോക്കറ്റ് സംവിധാനമാണ്. 75 കിലോമീറ്ററിനും അപ്പുറമുള്ള ലക്ഷ്യങ്ങൾ തകർക്കാനുള്ള പിനാകയുടെ കഴിവും അതിന്റെ ഒന്നിലധികം വകഭേദങ്ങളുമാണ് ഫ്രഞ്ച് സൈന്യത്തെ ആകർഷിക്കുന്നത്. ഇത്രയും ഉയർന്ന വ്യാപ്തിയും കൃത്യതയുമുള്ള റോക്കറ്റ് സംവിധാനം ചുരുക്കം ചില രാജ്യങ്ങളിലാണ് ഉള്ളത്. അതിലൊന്നാണ് ഇന്ത്യയെന്ന് ബ്രിഗേഡിയർ ജനറൽ റിച്ചൗ പറഞ്ഞിരുന്നു.
2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള സർക്കാർ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി മൂന്നിരട്ടിയാക്കി തദ്ദേശീയ പ്രതിരോധ കയറ്റുമതി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയും ഫ്രഞ്ച് സൈനിക മേധാവികളും തമ്മിൽ നേരത്തെ നടത്തിയ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് പിനാക റോക്കറ്റ് സംവിധാനത്തിനായി നിലവിൽ ഫ്രാൻസ് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.