പാലക്കാട്: പുതുശേരിയിൽ മെത്താംഫിറ്റമിൻ കൈവശം വച്ച യുവാവ് അറസ്റ്റിൽ. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കോട്ടയം മാങ്കാവ് സ്വദേശിയായ അർജുൻ ഷിബു (21) പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 57.115 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു.
പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതായിരുന്നു ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് സംഘം.
പാലക്കാട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എൻ ജി അജയകുമാർ, ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിപിൻദാസ്,സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ലുക്കോസ്,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവകുമാർ, സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ യാസർ ആരാഫത്, സിവിൽ എക്‌സൈസ് ഓഫീസർ ഷിജു എന്നിവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്.















