പാലക്കാട്: ഗോ സംരക്ഷണം ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗോ സംരക്ഷണം സമാജം ഏറ്റെടുക്കേണ്ടതാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഗോപാഷ്ടമി ദിനാചരണത്തിന്‍റെ ഭാഗമായി പാലക്കാട് കൽപാത്തിയിൽ വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിൽ നടന്ന ഗോപൂജ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലും വെണ്ണയുമെല്ലാം മനുഷ്യ ജീവിതവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നവയാണ്. ഗോ സംരക്ഷണം സമാജം ഏറ്റെടുക്കേണ്ടതുണ്ട്. വിശ്വഹിന്ദു പരിഷത്തും സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരുമാണ് ഗോ സംരക്ഷണത്തിന് മുൻകൈ എടുക്കുന്നത്.
ഭാരതം ഒരു കാർഷിക രാജ്യമാണ്. അതിന് കാരണമാകുന്നത് സമൃദ്ധമായ ഗോ സമ്പത്താണ്. പട്ടാപ്പകൽ പശുകുട്ടിയെ കശാപ്പ് ചെയ്ത് വിളമ്പിയവർ പാലക്കാട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് ഇറങ്ങിയിട്ടുണ്ട്. എല്ലാ ടിവി ചർച്ചകളിലും യുഡിഎഫിന്റെ പ്രചാരണത്തിനും അയാൾ പോകുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മഹാഗോപൂജ സംഘടിപ്പിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെ കാര്യകർത്താക്കളും കൽപ്പാത്തിയിലെ അഗ്രഹാര ജനതയും ചടങ്ങിൽ പങ്കെടുത്തു.