ഷാർജ: ലോകത്തെ ഏറ്റവും വലിയ പുസ്തക മേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് സന്ദർശക തിരക്ക്. വാരാന്ത്യ അവധി ദിനങ്ങളായതോടെ വലിയ തിരക്കാണ് മേളയിൽ അനുഭവപ്പെടുന്നത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് പുസ്തകോത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്.
മലയാളത്തെയും മലയാളികളെയും ആഘോഷമാക്കുന്ന വേദികൂടിയാണ് ഷാർജ പുസ്തകോത്സവം. വായനക്കാരെയും എഴുത്തുകാരെയും സൃഷ്ടിക്കുന്ന കാഴ്ചകൾക്കാണ് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം നടക്കുന്ന എക്സ്പോ സെന്റർ സാക്ഷ്യം വഹിക്കുന്നത്. അന്താരാഷ്‌ട്ര തലത്തിലുള്ള നൂറുകണക്കിന് പുസ്തക പ്രസാധകരും, എഴുത്തുകാരും മേളയിൽ അണിനിരക്കുന്നുണ്ട്.
400 ലേറെ കൃതികളാണ് പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്നത്. അതിലേറെയും മലയാളികളും അതിൽ തന്നെ കൂടുതൽ സ്ത്രീകളുമാണ്. ഒട്ടേറെ കുട്ടികളും എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരുന്നുണ്ട്. ഇന്ത്യൻ പവിലിയനിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പല കൃതികളും പ്രകാശനം ചെയ്യുന്നത്.
എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന മേളയില്‍ പുസ്തകങ്ങളുടെ വില്‍പ്പനയോടൊപ്പം വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍, മുഖാമുഖങ്ങള്‍, കുക്കറി ഷോ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. നവംബർ 17 വരെ നടക്കുന്ന മേളയിൽ മലയാളത്തിൽ നിന്നടക്കം പ്രഗത്ഭരായ എഴുത്തുകാരും ചിന്തകരും ജനപ്രതിനിധികളും പങ്കെടുക്കും.