ടെൽ അവീവ്: ലോകത്തെ ഞെട്ടിച്ച പേജർ കൂട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രായേൽ. ഹിസ്ബുള്ളയക്കെതിരെ നടത്തിയ ആസൂത്രിത ആക്രമണമാണ് പേജർ, വാക്കി-ടോക്കി കൂട്ട സ്ഫോടനങ്ങളെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഞായറാഴ്ച നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹിസ്ബുള്ള നേതാവ് ഹസ്സൻ നസറുള്ളയുടെ വധവും പേജർ ഓപ്പറേഷനും നടത്തിയത് ഇസ്രായേൽ പ്രതിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ എതിർപ്പുകൾ കൂടി അവഗണിച്ചാണെന്ന് ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി.
The Times of Israel റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ലെബനനിൽ ഹിസ്ബുള്ള പ്രവർത്തകരെ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തിൽ 39 പേർ കൊല്ലപ്പെടുകയും മൂവായിരം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 17, 18 തീയതികളിലാണ് ഇസ്രായേലിന്റെ ഓപ്പറേഷൻ നടന്നത്. ലെബനനിൽ കൂടാതെ സിറിയയിലുള്ള ഹിസ്ബുള്ള അംഗങ്ങളുടെ പേജറുകളും പൊട്ടിത്തെറിച്ചിരുന്നു.
ഹിസ്ബുള്ള സംഘാംഗങ്ങൾ പരസ്പരം ആശയവിനിമയം നടത്തുന്നതിനായി കൈവശം കരുതിയിരുന്ന ഉപകരണങ്ങളാണ് പേജറുകളും വാക്കി-ടോക്കികളും. എന്നാൽ അതിവദഗ്ധമായ പദ്ധതികൾ പ്രകാരം രണ്ട് ദിവസം തുടർച്ചയായി ഇസ്രായേൽ നടത്തിയ ഓപ്പറേഷനിൽ ഉപകരണങ്ങൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇറാന്റെ പിന്തുണയോടെ ലെബനനിലും സിറിയൻ അതിർത്തി മേഖലകളിലും പ്രവർത്തിക്കുന്ന ഹിസ്ബുള്ളയ്‌ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇസ്രായേലിന്റെ പേജർ ഓപ്പറേഷൻ.















