മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്‌നിൽ കൂടുതൽ ഇടങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് അഭ്യർത്ഥിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഫ്‌ളോറിഡയിലെ മാർ ല ലാഗോയിൽ നിന്നാണ് ട്രംപ് പുടിനെ വിളിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇരു നേതാക്കളും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ എത്രയും വേഗം പരിഹാരം കാണണമെന്നും, ഇതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായും ട്രംപ് ഫോൺ സംഭാഷണം നടത്തിയിരുന്നു. ട്രംപ് അധികാരത്തിലെത്തിയാൽ യുക്രെയ്‌നെ തളയുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് യുക്രെയ്‌ന് പിന്തുണ നൽകിയും, പോരാട്ടം അവസാനിപ്പിക്കാനുള്ള സഹായം നൽകുമെന്ന് ഉറപ്പാക്കിയും ട്രംപ് സംസാരിച്ചത്. 25 മിനിറ്റോളം സമയം ഇരുവരും സംസാരിച്ചതായും, ഇലോൺ മസ്‌കും ഈ സംഭാഷണത്തിൽ ഇവർക്കൊപ്പം ചേർന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ജനുവരി 20ന് അധികാരത്തിലേറിയാലുടൻ യുക്രെയ്‌ന് കഴിയാവുന്ന സഹായങ്ങളെല്ലാം നൽകുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. ട്രംപിന്റെ തിരിച്ചുവരവ് നിലവിൽ തങ്ങൾക്ക് ഒരിക്കലും പ്രതികൂല സാഹചര്യമല്ലെന്ന റഷ്യൻ സർക്കാരിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണം. നിലവിലുള്ള സിഗ്നലുകൾ പോസിറ്റീവ് ആണെന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ട്രംപിന്റെ വിജയത്തിൽ പ്രതികരിച്ചത്. ഏറ്റുമുട്ടലിനെക്കുറിച്ചല്ല, മറിച്ച് സമാധാനത്തെക്കുറിച്ചാണ് ട്രംപ് സംസാരിക്കുന്നത് എന്ന കാര്യം പ്രതീക്ഷ നൽകുന്നതാണെന്നും ഇവർ അഭിപ്രായപ്പെടുന്നു.















