ഹവാന: ശക്തമായ രണ്ട് ഭൂചലനങ്ങൾ ക്യൂബയിൽ രേഖപ്പെടുത്തി. ദക്ഷിണ ക്യൂബയിലെ ഗ്രാൻമ പ്രവിശ്യയിലാണ് സംഭവം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബാർടോലോമെ മാസോ തീരത്തിന് 25 മൈലുകൾ മാറി 23.5 കിലോമീറ്റർ താഴെയാണുണ്ടായത്. ഇതിന് ഒരു മണിക്കൂർ മുൻപ് 5.9 തീവ്രതയിൽ മറ്റൊരു ഭൂചലനമുണ്ടായിരുന്നു. ബാർടോലോമെ മാസോ തീരത്ത് നിന്ന് മാറി സമുദ്രത്തിനടിയിലാണ് ആദ്യ ഭൂകമ്പത്തിന്റെ പ്രവഭവകേന്ദ്രം. കരീബിയൻ ദ്വീപ് രാജ്യമായ ക്യൂബയിലുടനീളം ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൗമോപരിതലത്തിൽ പ്രകമ്പനം കൂടുതലായി അനുഭവപ്പെട്ടപ്പോൾ ജനങ്ങൾ വീടുകളിൽ നിന്നിറങ്ങിയോടി റോഡിൽ നിൽക്കുകയായിരുന്നു. യുഎസിന്റെ മുന്നറിയിപ്പ് സംവിധാനം നൽകുന്ന വിവരങ്ങൾ പ്രകാരം ശക്തമായ ഭൂചലനമാണെങ്കിലും സുനാമി സാധ്യതയില്ല. റാഫേൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് രാജ്യം മുക്തിനേടുന്നതിനിടെയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ക്യൂബയുടെ പടിഞ്ഞാറൻ ഭാഗത്ത് വീശിയടിച്ച ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ രണ്ട് ദിവസം തുടർച്ചയായി വൈദ്യുതി മുടങ്ങിയിരുന്നു.















