ന്യൂഡൽഹി: ബാബാ സിദ്ദിഖിയുടെ കൊലപാതകക്കേസിലെ പ്രധാന പ്രതി ശിവകുമാർ ഗൗതം പിടിയിലായി. കേസിലെ പ്രധാന പ്രതിയും ഷൂട്ടർമാരിൽ ഒരാളുമായ ശിവകുമാര്‍ ഗൗതത്തെ ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.
നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ശിവകുമാറിന് താമസസൗകര്യം ഒരുക്കുകയും നേപ്പാളിലേക്ക് കടക്കാൻ സഹായിക്കുകയും ചെയ്ത അനുരാഗ് കശ്യപ്, ഗ്യാൻ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേശേന്ദ്ര പ്രതാപ് സിങ് എന്നീ നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
എൻ.സി.പി. നേതാവും മഹാരാഷ്‌ട്ര മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖി ബാന്ദ്രയിൽവെച്ച് വെടിയേറ്റു മരിച്ചത് ഒക്ടോബർ 12-നാണ്. ഈ കേസിൽ രണ്ട് ഷൂട്ടർമാർ ഉൾപ്പെടെ 20 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന ശിവകുമാർ ഗൗതത്തെ ഉത്തർപ്രദേശ് പോലീസിന്റെയും മുംബൈ പോലീസിന്റെയും സംയുക്ത ദൗത്യത്തിലൂടെയാണ് പിടികൂടിയത്.ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള ആളാണ് ശിവകുമാര്‍ എന്നാണ് അനുമാനം.
ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ എല്ലാ നിർദേശങ്ങളും ഇയാൾ വഴിയായിരുന്നു. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് ശേഷം ശിവകുമാർ ഗൗതം മധ്യപ്രദേശിലെ ഓംകാരേശ്വറിലേക്ക് പോയിരുന്നു.ആ സമയത്ത് പ്രതിയെ പിടികൂടാൻ മുംബൈ പോലീസ് ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല.















