ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്റെ ഔദ്യോഗിക വസതിയിൽ നടത്തിയ ദീപാവലി വിരുന്നിൽ മാംസാഹാരം വിളമ്പിയതിൽ എതിർപ്പറിയിച്ച് ഹിന്ദുസമൂഹം. യുകെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ മദ്യവും മാംസവുമടക്കം വിളമ്പിയിരുന്നു. ഇതിനെതിരെയാണ് ബ്രിട്ടീഷ് ഹിന്ദുക്കൾ എതിർപ്പ് അറിയിച്ച് രംഗത്തെത്തിയത്.
ഒക്ടോബർ 31ന് 10 ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന ദിപാവലി ആഘോഷത്തിൽ സമുദായ നേതാക്കളും യുകെയിലെ പ്രമുഖ രാഷ്‌ട്രീയക്കാരും പങ്കെടുത്തിരുന്നു. പ്രശസ്ത കുച്ചിപുടി നർത്തകിയായ അരുണിമ കുമാറും അവരുടെ വിദ്യാർത്ഥികളും നൃത്തപരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ചടങ്ങിനെത്തിയവർ ആഹാരം കണ്ടതോടെ ഞെട്ടി. മട്ടൺ കബാബ് അടക്കമുള്ള വിഭവങ്ങളും ബിയറും വൈനും വിളമ്പിയാണ് ദിപാവലി വരുന്ന് സംഘടിപ്പിച്ചിരുന്നത്. ഹിന്ദു പാരമ്പര്യങ്ങളോട് അനാദരവ് കാണിക്കുന്നതിന് തുല്യമാണിതെന്ന് ബ്രിട്ടീഷ് ഹിന്ദുസംഘടനകൾ പ്രതികരിച്ചു. കഴിഞ്ഞ വർഷം ഋഷി സുനക് സംഘടിപ്പിച്ച ദീപാവലി പാർട്ടിയിൽ മദ്യവും മാംസവും വിളമ്പിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ലളിതമായൊരു കൂടിയാലോചന നടത്തിയിരുന്നെങ്കിൽ ഈ സന്ദർഭം ഒഴിവാക്കാമായിരുന്നുവെന്ന് ബ്രിട്ടീഷ് ഹിന്ദു പണ്ഡിറ്റായ സതീഷ് കെ ശർമ പ്രതികരിച്ചു. ബ്രിട്ടീഷ് ഹിന്ദുക്കളുടെയും ഇന്ത്യൻ വംശജരുടെയും അഭിഭാഷക ഗ്രൂപ്പായ ഇൻസൈറ്റ് യുകെയും എതിർപ്പറിയിച്ച് രംഗത്തെത്തി.”ദീപാവലി എന്ന പവിത്രമായ ഉത്സവം വിശുദ്ധിക്കും ഭക്തിക്കും ഊന്നൽ നൽകുന്നതാണ്. അതിനാൽ സസ്യാഹാരമാണ് ഉൾപ്പെടുത്തേണ്ടത്. മദ്യവും മാംസവും കർശനമായി ഒഴിവാക്കേണ്ടതുണ്ട്”- ഇൻസൈറ്റ് യുകെ ചൂണ്ടിക്കാട്ടി. ദീപാവലി കേവലമൊരു ആഘോഷം മാത്രമല്ല. അതിന്റെ ആത്മീയവശത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് നിരാശാജനകമായ സംഭവത്തിലേക്ക് വഴിവച്ചതെന്നും സംഘടന പറഞ്ഞു.