പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ സിപിഎം അഡ്മിൻ തന്നെ. പേജ് ഹാക്ക് ചെയ്തിട്ടില്ലെന്നും, വീഡിയോ പേജിൽ അപ്‌ലോഡ് ചെയ്യുകയുമായിരുന്നുവെന്നാണ് കണ്ടെത്തിയത്.
സിപിഎമ്മിന്റെ പേജ് വഴി വീഡിയോ പുറത്ത് വന്നതോടെ ജില്ലാ കമ്മിറ്റി അഡ്മിൻ പാനൽ അഴിച്ചു പണിതു. വീഡിയോ പുറത്ത് വന്നതിന് പിന്നിൽ എസ്പിക്ക് പരാതി നൽകുമെന്നും, അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞിരുന്നു. ഈ മേഖലയിൽ വൈദഗ്ധ്യം ഉള്ളവരെ ഉപയോഗിച്ച് നുഴഞ്ഞുകയറിയതാണെന്നും ഉദയഭാനു ആരോപിച്ചിരുന്നു.
എന്നാൽ സംഭവത്തിന് പിന്നിൽ പാർട്ടിയെ ആളുകൾ തന്നെയാണെന്ന് തെളിഞ്ഞതോടെ പരാതിയില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. പരാതി നൽകുമെന്ന് ജില്ല അദ്ധ്യക്ഷൻ പറഞ്ഞെങ്കിലും, പരാതി നൽകില്ലെന്ന് പാർട്ടി നേതാക്കൾ തന്നെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വത്തിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ വീഡിയോ നീക്കം ചെയ്യുകയും ചെയ്തിരുന്നു. പാലക്കാട് എന്ന സ്‌നേഹവിസ്മയം എന്ന ക്യാപ്ഷനോട് കൂടിയുള്ള രാഹുലിന്റെ വീഡിയോയാണ് പേജിൽ പ്രത്യക്ഷപ്പെട്ടത്.