അന്റാർട്ടിക്കയിൽ മാത്രം കണ്ടുവരുന്ന പക്ഷിയാണ് Emperor Penguin അഥവാ ചക്രവർത്തി പെൻഗ്വിൻ. എങ്ങനെയോ വഴിതെറ്റി കക്ഷി എത്തിപ്പെട്ടതാകട്ടെ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഡെൻമാർക്കിലുള്ള ഓഷ്യൻ ബീച്ചിൽ. അതായത് ജന്മദേശത്ത് നിന്ന് 3,500 കിലോമീറ്റർ അകലെ.. പ്രദേശവാസികളെയും വന്യജീവി വിദഗ്ധരെയും ഒരുപോലെ ഞെട്ടിച്ച സംഭവം കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടന്നത്. ഇതാദ്യമായാണ് ഇത്രയധികം ദൂരം വടക്കുമാറി ഒരു ചക്രവർത്തി പെൻഗ്വിനെ കണ്ടെത്തുന്നതെന്നും ശ്രദ്ധേയമാണ്.
ഭക്ഷണം തേടി സമുദ്രത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ ജലപ്രവാഹത്തിന്റെ ദിശ മാറി ഓസ്ട്രേലിയയിൽ എത്തിപ്പെട്ടതാകാം പെൻഗ്വിൻ എന്നാണ് കരുതപ്പെടുന്നത്. മഞ്ഞുക്കട്ടയിലും തണുത്തുറഞ്ഞ ജലപ്രവാഹങ്ങളിലും വിഹരിച്ചയാൾ ഒരു സുപ്രഭാതത്തിൽ ഓസ്ട്രേലിയയിലെ കടൽതീരത്തെ മണൽത്തരികളിൽ കാലുകുത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്നറിയാതെ കുഴഞ്ഞു. ബീച്ചിൽ കുറച്ചുനേരം നടക്കാനൊക്കെ ശ്രമിച്ചെങ്കിലും വശമില്ലാത്തതിനാൽ പലതലണ തലകുത്തി വീണു. നിലവിൽ വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് ‘ചക്രവർത്തി’ കഴിയുന്നത്. പുതിയ കാലാവസ്ഥയോട് ഇണങ്ങി സുഖംപ്രാപിക്കാൻ ആഴ്ചകളുടെ പരിപാലനം വേണ്ടിവന്നേക്കും. കാലാവസ്ഥാ വ്യതിയാനം മൂലം അന്റാർട്ടിക്കയിൽ മാറ്റങ്ങൾ രേഖപ്പെടുത്തുന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നതിനിടെയാണ് ചക്രവർത്തി പെൻഗ്വിന്റെ വരവ് കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
അന്റാർട്ടിക്കയിലെ ഭീമൻമാരാണ് ചക്രവർത്തി പെൻഗ്വിനുകൾ. 45 ഇഞ്ച് പൊക്കവും 88 പൗണ്ട് തൂക്കവും വരുമിതിന്. നിലവിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ തുടരുകയാണെങ്കിൽ, 90% ചക്രവർത്തി പെൻഗ്വിൻ കോളനികൾക്കും 2100-ഓടെ “അർദ്ധ-വംശനാശം” സംഭവിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.