ഗുരുവായൂർ ക്ഷേത്രത്തിൽ ആചാരലംഘനത്തിന് ദേവസ്വം ബോർഡ്. ഏകാദശി ദിനത്തിൽ ഉദയാസ്തമന പൂജ ഒഴിവാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. തീരുമാനത്തെ ചോദ്യം ചെയ്ത് തന്ത്രി കുടുംബം ഹൈക്കോടതിയെ സമീപിച്ചു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ഗുരുവായൂർ ദേവസ്വത്തിന് നോട്ടീസ് അയച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള പൂജാവിധികൾ മാറ്റിമറിക്കുന്നതിൽ ഭക്തരും കടുത്ത പ്രതിഷേധത്തിലാണ്.
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിലാണ് ഗുരുവായൂർ ഏകാദശി. അന്നേ ദിവസം ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ കാലങ്ങളായി നടക്കുന്നു. ശ്രീശങ്കരാചര്യർ ചിട്ടപ്പെടുത്തിയ പൂജാവിധിയാണ് വൃശ്ചികമാസത്തിലെ ശുക്ലപക്ഷത്തിലെ ഗുരുവായൂർ ഏകാദശി ദിനത്തിൽ നടത്തുന്ന ഉദയാസ്തമന പൂജ. പൂജയ്‌ക്കായി അഞ്ച് തവണ നട അടയ്‌ക്കേണ്ടതായി വരുന്നുവെന്നും ഇത് ഭക്തജനത്തിരക്കിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദയാസ്തമന പൂജ ഉപേക്ഷിക്കാൻ ദേവസ്വം തീരുമാനിച്ചിരിക്കുന്നത്. പകരം വൃശ്ചികത്തിൽ നടത്തേണ്ട പൂജ തുലാം മാസത്തിൽ നടത്താനും ദേവസ്വം തീരുമാനമായി.
തീരുമാനം പുനഃപരിശോധിച്ച് നേരത്തെ ഉണ്ടായിരുന്നത് പോലെ തന്നെ തുടരണമെന്നാണ് ചേന്നാസ് മനയിലെ ഒൻപത് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ച് ആവശ്യപ്പെട്ടത്. ആചാര ലംഘനമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നതെന്ന് ഭക്തർ ആരോപിക്കുന്നു. തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേത്തിലേക്ക് നീങ്ങുമെന്ന് ഹൈന്ദവ സംഘടനകൾ അറിയിച്ചിട്ടുണ്ട്.
നേരത്തെ ഉദയാസ്തമന പൂജ ഒഴിവാക്കുന്നതിനായി രഹസ്യമായി ഒറ്റരാശി പ്രശ്നത്തിലൂടെ ദേവഹിതം തേടിയെന്ന ആരോപണവും ഉയർന്നിരുന്നു. ഭക്തജന താത്പര്യമില്ലാതെ അതീവരഹസ്യമായി പ്രശ്നം വച്ചെന്ന പരാതി ഉയർന്നിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുരുവായൂർ ഏകാദശി ദേവസ്വം നേരിട്ടാണ് ഇപ്പോൾ നടത്തിവരുന്നത്. മൂന്ന് ദിവസമായാണ് ചടങ്ങുകൾ നടക്കുക. 15 വിശേഷാൽ പൂജകൾ ഉൽപ്പടെ 19 പൂജകളാണ് അന്നേ ദിവസത്തെ പ്രത്യേകത.