ആധുനിക എഞ്ചിനിയറിംഗ് വിസ്മയമായ പാമ്പൻ പാലം കമ്മീഷനിംഗിനോട് അടുക്കുന്നു. പാലത്തിലൂടെ ഓവർഹെഡ് മെയിൻ്റനൻസ് സിസ്റ്റം (ഒഎംഎസ്) എഞ്ചിൻ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തീകരിച്ചു. മണ്ഡപം-രാമേശ്വരം സെക്ഷനിൽ മണിക്കൂറിൽ 121 കിമീ വേഗതയിലും പാലത്തിലൂടെ 80 കിമീ വേഗതയിലും ഒഎംഎസ് എഞ്ചിൻ കുതിച്ച് പാഞ്ഞതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.
പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 2.05 കിലോമീറ്ററാണ് ദൈർഘ്യം. ഇന്ത്യൻ റെയിൽവേയുടെ എൻജിനിയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവിൽ പാലം പണിതത്. 18.3 മീറ്റർ നീളമുള്ള 200 സ്പാനുകളാണ് ഇതിനുള്ളത്.
പഴയ റെയിൽവേ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം നിലച്ചപ്പോൾ വൻകരയിലെ “മണ്ഡപം” വരെ മാത്രമാണ് ട്രെയിൻ സർവീസ് നടത്തി വന്നത്. ഇതുമൂലം രാമേശ്വരത്തേക്കുള്ള വിനോദസഞ്ചാരികൾ ബുദ്ധിമുട്ടിലായി. ലംബമായി തുറക്കുകയും അടയ്‌ക്കുകയും (വെർട്ടിക്കൽ ലിഫ്റ്റ്) ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ പാലമാണ് പാമ്പൻ പാലം. പുതിയ പാലത്തിന് സമുദ്രനിരപ്പിൽ നിന്ന് 22 മീറ്റർ എയർ ക്ലിയറൻസ് ഉണ്ട്, പഴയ പാലത്തിൽ 19 മീറ്ററായിരുന്നു ക്ലിയറൻസ്.
രാമേശ്വരം പാമ്പൻ പ്രദേശത്തെയും രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും ബന്ധിപ്പിക്കുന്ന റെയിൽവേ പാലം 1914-ൽ ആണ് തുറന്നത്. 1988-ൽ ഒരു സമാന്തര റോഡ് പാലം നിർമ്മിക്കുന്നത് വരെ മണ്ഡപത്തിനും രാമേശ്വരത്തിനും ഇടയിലുള്ള ഏക കണ്ണിയായി ഇത് തുടർന്നു. രാമേശ്വരം ദ്വീപിലെ ജനങ്ങളുടെ പ്രധാന ഗതാഗത മാർഗ്ഗമായിരുന്നു ഈ റെയിൽവേ ലൈൻ. പഴയ റെയിൽപ്പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം അപകട മുന്നറിയിപ്പിനെത്തുടർന്ന് 2022 ഡിസംബർ 23 നാണ് അവസാനിപ്പിച്ചത്. തുടർന്നാണ് പുതിയ പാലം നിർമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.















