സ്‌കൂൾ കാലഘട്ടത്തിൽ തനിക്ക് ഏറ്റവും ആരാധന ഉണ്ടായിരുന്ന സിനിമാതാരം മോഹൻലാൽ ആയിരുന്നുവെന്ന് ഭാര്യ സുചിത്ര. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് മോഹൻലാലിനോട് ഉണ്ടായിരുന്ന ആരാധനയെ കുറിച്ച് സുചിത്ര തുറന്ന് പറഞ്ഞത്. ട്യൂഷൻ ക്ലാസിലെ അദ്ധ്യാപകനോട് പോലും പഠിക്കുന്ന കാര്യങ്ങൾക്ക് പകരം മോഹൻലാലിനെ കുറിച്ചുള്ള ഗോസിപ്പുകൾ പറഞ്ഞ് സമയം കളയുമായിരുന്നുവെന്നും സുചിത്ര പറയുന്നു.
” സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ട്യൂഷനെടുക്കുന്ന അദ്ധ്യാപകനോട് പോലും മോഹൻലാലിനെ കുറിച്ചുള്ള കാര്യങ്ങൾ സംസാരിക്കുമായിരുന്നു. ഞാൻ മോഹൻലാലിന്റെ വലിയ ആരാധികയാണെന്ന് ട്യൂഷൻ എടുക്കുന്ന ബാബു മാസ്റ്ററിനും അറിയുമായിരുന്നു. പഠനകാര്യങ്ങൾക്ക് പകരം പലപ്പോഴും ഞാൻ മോഹൻലാലിന്റെ കാര്യങ്ങൾ പറഞ്ഞ് സമയം കളയുമായിരുന്നു. സ്‌കൂളിൽ പഠിച്ചിരുന്ന സമയത്ത് മോഹൻലാലിന് വേണ്ടി ഒരുപാട് കത്തുകൾ അയക്കുമായിരുന്നു. പക്ഷേ ആരാണ് അയക്കുന്നത് എന്ന കാര്യമൊന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു. മിനിമം അഞ്ച് കത്തുകൾ വരെ ഒരു ദിവസം അയച്ചിട്ടുണ്ട്.
പ്രൊഡ്യൂസർ വിശാഖിന്റെ അച്ഛന്റെ കല്ല്യാണത്തിന് പോയപ്പോഴാണ് മോഹൻലാലിനെ ആദ്യമായി കാണുന്നത്. കോഴിക്കോട്ടെ തിയേറ്ററിൽ പോയാണ് അന്ന് സിനിമകൾ കണ്ടിരുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമ കണ്ട സമയത്ത് എനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നു. അമ്മയും സുകുമാരി ആന്റിയുമാണ് എനിക്കായി മോഹൻലാലിന്റെ ആലോചന കൊണ്ടുവരുന്നത്. മോഹൻലാലും സുകുമാരി ആന്റിയും തമ്മിൽ വളരെ അടുത്ത ബന്ധമാണ്. ഇപ്പോൾ വിവാഹം കഴിഞ്ഞ് 37 വർഷമായി.
അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് ക്രിട്ടിക്കലായി തന്നെ പറയാറുണ്ട്. ഇഷ്ടമില്ലാത്ത സിനിമകൾ അങ്ങനെ തന്നെ പറയാറുണ്ട്. എനിക്ക് ദഹിക്കാത്ത പല സിനിമകളെ കുറിച്ചും തുറന്ന് പറഞ്ഞിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതും ഉണ്ടാക്കുന്നതുമെല്ലാം വളരെ ആസ്വദിച്ച് ചെയ്യുന്ന ഒരു വ്യക്തിയാണ്. ഞങ്ങൾ രണ്ട് പേർക്കും കോമൺ ആയി ഉള്ള ഒരു പ്രത്യേകതയാണത്. സമയം കിട്ടുമ്പോൾ പലപ്പോഴും അദ്ദേഹം കുക്കിങ് വീഡിയോകൾ കാണുമെന്നും” സുചിത്ര പറയുന്നു.















