ഇടുക്കി: കേരളത്തിന്റെ ആദ്യ ജലവിമാനം മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്തു. കൊച്ചിയിലെ ബോൾഗാട്ടി കായലിൽ നിന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ജലവിമാനം ഉദ്ഘാടനം ചെയ്തത്. മാട്ടുപ്പെട്ടി ഡാമിൽ എത്തിയതോടെ ജലവിമാനത്തിന്റെ പരീക്ഷണ പറക്കൽ പൂർത്തിയായി. ജില്ലയിലെ ജനപ്രതിനിധികളും മറ്റ് അധികൃതരും ചേർന്ന് വിമാനത്തിലെത്തിയ ക്രൂഅംഗങ്ങളെ സ്വീകരിച്ചു.
ഉമ്മൻചാണ്ടി സർക്കാർ ഭരിച്ചിരുന്ന കാലത്ത് സിപിഎമ്മിന്റെ കനത്ത പ്രതിഷേധങ്ങൾ കാരണം ഉപേക്ഷിച്ച പദ്ധതിയാണ് ഇന്ന് പിണറായി സർക്കാർ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. കായലിന് സമീപത്തെ ജനങ്ങളുടെ ജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന കാരണത്താലാണ് സീപ്ലെയിൻ എന്ന സ്വപ്നപദ്ധതി ഉപേക്ഷിച്ചത്. മത്സ്യബന്ധന മേഖലയ്‌ക്ക് തിരിച്ചടിയാകും എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം.
കരയിലും വെള്ളത്തിലും ഉപയോഗിക്കാൻ കഴിയുന്ന ആംഫീബിയൻ ജലവിമാനങ്ങളാണ് സീപ്ലെയിനുകൾ. 60 കോടി മുതൽമുടക്കിലുള്ള എയർക്രാഫ്റ്റാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. ഗ്രാമമേഖലകളിലും മലയോര പ്രദേശങ്ങളിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും. കേരളത്തിലെ പ്രകൃതിഭംഗി വിനോദസഞ്ചാരികളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. കൊച്ചി കായലിന്റെയും മൂന്നാറിന്റെയുമൊക്കെ പ്രകൃതിഭംഗി വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാം.
ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് ജലവിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയതത്. വാട്ടർ സല്യൂട്ട് നൽകിയായിരുന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ സീപ്ലെയിനെ വരവേറ്റത്.















