എറണാകുളം: യുവനടിയുടെ ലൈംഗികാരോപണ കേസിൽ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് മറുപടിയായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നടൻ സിദ്ദിഖ്. തനിക്കെതിരെ പൊലീസ് കഥ മെനയുന്നുവെന്നും യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചതെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറഞ്ഞു. ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് സിദ്ദിഖ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങളാണ് പൊലീസ് പറയുന്നതെന്നാണ് സിദ്ദിഖിന്റെ ആരോപണം. തനിക്ക് ജാമ്യം ലഭ്യച്ചാൽ, പരാതിക്കാരിക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കുന്നതല്ലെന്നും ഡബ്ല്യൂസിസി അംഗമായിട്ടും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തനിക്കെതിരെ പരാതിക്കാരി മൊഴി നൽകിയിട്ടില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
തനിക്കെതിരെ മാദ്ധ്യമവിചാരണക്കുള്ള അവസരമാണ് പൊലീസ് ഒരുക്കുന്നത്. നീതിയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് പ്രധാന കഥാപാത്രമായി ഞാൻ അഭിനയിച്ചിട്ടുള്ളൂ. മറ്റ് സിനിമയിൽ സഹനടനായാണ് ഞാൻ അഭിനയിച്ചത്. അതുകൊണ്ട് തന്നെ മലയാള സിനിമാ മേഖലയിലെ ശക്തനായ വ്യക്തിയാണ് താനെന്ന വാദം നിലനിൽക്കില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
മലയാള സിനിമയിലെ ശക്തനായ വ്യക്തിയാണ് പ്രതിയെന്നും അതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്നും പരാതിക്കാരിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു.സിദ്ദിഖ് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നത്.