ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി ആരാണുള്ളതല്ലേ. പക്ഷേ മധുരം ആരോഗ്യത്തിന് നന്നല്ല എന്നുള്ള പ്രചാരണമുള്ളതിനാൽ പലരും ഇതിനോട് മുഖം തിരിക്കാറുമുണ്ട്. എന്നാൽ ആരോഗ്യത്തിന് ഗുണങ്ങൾ നൽകാൻ ഡാർക്ക് ചോക്ലേറ്റിന് സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൊക്കോ ചെടിയുടെ കായയിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റ് ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നാമണ്. സമ്മർദ്ദം കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ ഇത് വളരെ നല്ലതാണ്.
ഏതൊരു നല്ല കാര്യത്തിന് മുൻപും മധുരം കഴിക്കണമെന്ന് പറയുന്നത് പോലെ പഠിക്കാൻ ഇരിക്കുന്നതിന് മുൻപും ഇടയ്ക്കുമൊക്കെ ചോക്ലേറ്റ് കഴിക്കണമെന്നാണ് പറയുന്നത്. തമാശയായി തോന്നുമെങ്കിലും കാര്യമുണ്ട്.. ആൻ്റി- ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള കൊക്കോ തലച്ചോറിന്റെ ആരോഗ്യത്തിനും ഹൃദയത്തിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനും നല്ലതാണ്. പഠിക്കുന്നതിനിടെ ചോക്ലേറ്റ് കഴിച്ചാലുള്ള ഗുണങ്ങളറിയാം..
മൂഡ് മാറ്റാനുള്ള കഴിവ് ചോക്ലേറ്റിനുണ്ടെന്നാണ് പറയുന്നത്. ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ ഇതിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ഉന്മേഷത്തോടെ പഠിക്കാൻ ഒരു കഷ്ണം ചോക്ലേറ്റ് സഹായിക്കും. സമ്മർദ്ദമകറ്റാനും വേദന കുറയ്ക്കാനും ഡാർക്ക് ചോക്ലേറ്റിന് സാധിക്കും.
തലച്ചോറിലേക്ക് കൃത്യമായി രക്തയോട്ടം നടന്നാൽ മാത്രമേ ശരീരത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കൂ. ചോക്ലേറ്റ് കഴിക്കുന്നത് രക്തയോട്ടം വർദ്ധിപ്പിക്കും. ഇതിലടങ്ങിയിരിക്കുന്ന ഫ്ലവനോയിഡ് ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് പുറമേ പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ചോക്ലേറ്റിലെ ഫ്ലവനോയിഡ് സഹായിക്കുന്നു. ചോക്ലേറ്റിൽ ചെറിയ അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ഉണർവും ഉന്മേഷവും നൽകാൻ മാത്രമുള്ള കഫീൻ അല്ലെങ്കിലും ഏകാഗ്രത, ഓർമശക്തി എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.
സമ്മർദ്ദം ലഘൂകരിക്കുന്ന മഗ്നീഷ്യവും ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. വിഷാദം തുടങ്ങിയവ കുറയ്ക്കാനും സഹായിക്കും. അതുകൊണ്ട് തന്നെ കുട്ടികൾക്ക് ചോക്ലേറ്റ് നൽകുന്നത് ഗുണം ചെയ്യും.