കണ്ണൂർ: ക്ഷേത്രമതിൽക്കെട്ടിനകത്ത് യോഗം നടത്തി വെൽഫെയർ പാർട്ടി അംഗങ്ങൾ. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർട്ടിക്ക് ക്ഷേത്രാങ്കണത്തിൽ പരിപാടി നടത്താൻ അനുമതി കൊടുത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഒരു രാഷ്‌ട്രീയ പാർട്ടി നടത്തുന്ന പരിപാടിക്ക് അനുമതി കൊടുത്ത ക്ഷേത്രം അധികാരികൾക്കെതിരെയാണ് ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തിയത്.
കണ്ണൂർ വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിലായിരുന്നു പഞ്ചായത്തംഗം സമീറയുടെ നേതൃത്വത്തിൽ വെൽഫെയർ പാർട്ടിയുടെ പരിപാടി. വളപട്ടണം പഞ്ചായത്തിലെ പത്താംവാർഡ് മെമ്പറാണ് സമീറ. വളപട്ടണത്തെ പൈതൃക നഗരങ്ങൾ സന്ദർശിച്ച് ആ സ്ഥലങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ‘വളപട്ടണം പൈതൃക യാത്ര’ എന്ന പരിപാടിയുടെ ഭാഗമായാണ് ക്ഷേത്രമതിൽക്കെട്ടിനകത്ത് വെൽഫെയർ പാർട്ടി അംഗങ്ങൾ യോഗം ചേർന്നത്.
പരിപാടി നടത്തുന്നതിനുള്ള അനുമതി ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് നൽകിയെന്നാണ് വിവരം. എന്നാൽ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും ഇക്കാര്യം അറിഞ്ഞില്ലെന്നും സൂചനയുണ്ട്. ഭരണസമിതിയുടെ അപക്വമായ പ്രവൃത്തിക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇസ്ലാമിക രാജ്യത്തിന് വേണ്ടി വാദിക്കുന്ന സംഘടനയുടെ രാഷ്‌ട്രീയരൂപമായ വെൽഫെയർ പാർട്ടിക്ക് ക്ഷേത്രമതിൽക്കെട്ടിന് അകത്ത് പരിപാടിനടത്താൻ അനുമതി കൊടുത്തുവെന്നതാണ് വിമർശനത്തിന് വഴിവച്ചിരിക്കുന്നത്. ക്ഷേത്ര ഭരണസമിതിക്കെതിരെയാണ് ആക്ഷേപം.