ന്യൂഡൽഹി: സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിക്ക് പുറമേ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും പങ്കെടുത്തു. രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡി.വൈ ചന്ദ്രചൂഡ് വിരമിച്ച ഒഴിവിലാണ് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് സഞ്ജീവ് ഖന്നയെത്തിയത്. അടുത്ത വർഷം മെയ് 13 വരെയാണ് ഖന്നയുടെ കാലാവധി.
Attended the oath taking ceremony of Justice Sanjiv Khanna, who has been sworn in as the Chief Justice of the Supreme Court of India. My best wishes for his tenure. pic.twitter.com/6CxGG6Vao0
— Narendra Modi (@narendramodi) November 11, 2024
2019-ലാണ് ഖന്ന സുപ്രീംകോടതിയിലെത്തുന്നത്. 2005-ൽ ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് ഖന്ന അഭിഭാഷകനായി പ്രവർത്തിച്ചിരുന്നു.















