തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ഉദയാസ്തമന പൂജ ഉപേക്ഷിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ തന്ത്രി കുടുംബം രംഗത്ത്. ദേവസ്വം ബോർഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് തന്ത്രി കുടുംബാംഗങ്ങൾ ഹൈക്കോടതിയിൽ തന്ത്രി കുടുംബത്തിലെ 9 അംഗങ്ങളാണ് കോടതിയെ സമീപിച്ചത്. ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജകൾക്ക് പകരമായി തുലാമാസത്തെ ഏകാദശി ദിനത്തിൽ ഉദയാസ്തമന പൂജ നടത്താനുള്ള ദേവസ്വത്തിന്റെ തീരുമാനത്തിനെതിരെയാണ് തന്ത്രി കുടുംബം രംഗത്തെത്തിയത്.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പൂജയാണ് ഏകാദശി ഉദയാസ്തമന പൂജയെന്നും ഒരു കാരണത്താലും അത് ഒഴിവാക്കാൻ അനുവദിക്കില്ലെന്നും തന്ത്രി കുടുംബാംഗമായ സതീശൻ നമ്പൂതിരി പറഞ്ഞു. ഏകാദശി നാളിൽ നടത്തേണ്ട പൂജയാണ് ഏകാദശി ഉദയാസ്തമന പൂജ. വെറൊരു ദിവസം നടത്തിയാൽ അതിന്റെ ഫലം ഉണ്ടാകില്ല. ഏകാദശി ദിവസം നടത്തേണ്ട പൂജ എന്ത് വന്നാലും അന്ന് തന്നെ നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷ്ഠാദിനത്തിലാണ് ഗുരുവായൂർ ഏകാദശി ആചരിക്കുന്നത്. ശ്രീ ശങ്കരാചാര്യരാണ് ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജ ചിട്ടപ്പെടുത്തിയത്. ദേവസ്വം ബോർഡിന്റെ തീരുമാനം ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് തന്ത്രി കുടുംബം കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ദേവസ്വത്തിനോട് വിശദമായ സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടു.
ആചാരലംഘനം അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദിയും പ്രതികരിച്ചു. തീരുമാനം മാറ്റാൻ ദേവസ്വം ബോർഡ് തയാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധാകരൻ പറഞ്ഞു.