തിരുവനന്തപുരം: മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായി തിരുവനന്തപുരത്തും പ്രതിഷേധക്കൂട്ടായ്മ. കത്തോലിക്ക ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിലാണ് നവംബർ 12 (ചൊവ്വാഴ്ച) പ്രതിഷേധം നടക്കുക. വൈകുന്നേരം 4.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ കൂട്ടായ്മ. മത, സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക നേതാക്കൾ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കും.
മുനമ്പം കടപ്പുറത്തെ 610 കുടുംബങ്ങൾ നിയമാനുസൃതം കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ മേൽ റവന്യു അവകാശങ്ങൾ സംരക്ഷിക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് തലസ്ഥാന നഗരിയിലെ വിവിധ കത്തോലിക്ക സംഘടനാ പ്രതിനിധിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
വഖ്ഫിന്റെ ആസ്തി പട്ടികയിൽ മുനമ്പം കടപ്പുറത്തെ ഭൂമി ഉൾപ്പെടുത്തിയത് തികച്ചും നീതി രഹിതമാണ്. ഒരിക്കൽ കൈമാറിയ ഭൂമിയിൽ വീണ്ടും അവകാശം ഉന്നയിക്കുന്നത് അന്യായമാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ഭൂമിയുടെ മേലുള്ള അവകാശവാദം ഉപേക്ഷിക്കാൻ വഖ്ഫ് ബോർഡ് തയ്യാറാവണമെന്ന് പ്രതിനിധിയോഗം ആവശ്യപ്പെട്ടു.
മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുക, ഭൂമിയുടെമേൽ ജനങ്ങൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കുക, മുനമ്പത്തെ ഭൂമിയുടെ മേലുള്ള വക്കഫ് ബോർഡിന്റെ അവകാശവാദങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തലസ്ഥാന നഗരിയിലെ വിവിധ കത്തോലിക്കാ സംഘടനകളുടെ നേതൃത്വത്തിലും വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയും പ്രതിഷേധക്കൂട്ടായ്മ നടക്കുക.
വെള്ളയമ്പലം ആർച്ച് ബിഷപ്‌സ് ഹൗസിൽ ചേർന്ന കത്തോലിക്കാ, ക്രൈസ്തവ സംഘടനാ പ്രതിനിധിയോഗത്തിൽ മോൺസിഞ്ഞോർ യൂജിൻ പെരേര, ഫാ. മോർലി കൈതപറമ്പിൽ, ഫാ. മാത്യു കയ്യാലക്കൽ, ഫാ. സജി, ഫാ. മൈക്കിൾ തോമസ്, ലാലു ജോസഫ്, ജേക്കബ് നിക്കോളാസ്, ജിജി എം. ജോൺ, ഇഗ്‌നേഷ്യസ് തോമസ് എന്നിവർ സംസാരിച്ചു.