വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട കാര്യം കേരളത്തിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്ന് ഹിന്ദുഐക്യ വേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചർ. വഖ്ഫ് വിഷയം ഭാരതത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമാണെന്നും കേരളത്തെയാണ് ഇത് കൂടുതൽ ബാധിക്കുന്നതെന്നും ശശികല ടീച്ചർ പറഞ്ഞു. വഖ്ഫ് വിഷയത്തെ കുറിച്ച് ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു അവർ.
കേരളത്തിൽ ഭൂമി വളരെ കുറവാണ്. ഈ ഭൂമിയുടെ നല്ലൊരു ഭാഗവും വഖ്ഫ് ബോർഡിന് അവകാശപ്പെടാവുന്ന ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇത് എല്ലാവരുടെയും സ്വസ്ഥത നശിപ്പിക്കും. ജനങ്ങൾക്ക് അന്തസ്സോടെ ജീവിക്കണമെങ്കിൽ ഭൂമിയുടെ ഉടമസ്ഥത അവർക്ക് തന്നെയാണെന്ന് ഉറപ്പ് വരുത്തണം.
വഖ്ഫ് വിഷയത്തിന് താത്കാലിക പരിഹാരം കണ്ടെത്തിയിട്ട് കാര്യമില്ല. പുറമേയുള്ള മുറിവ് ഉണക്കിയിട്ട് ഒരു കാര്യവുമില്ല. ആരോപണത്തിലുള്ള ഭൂമി വഖ്ഫിന്റേത് അല്ലെന്ന് പറയാൻ കഴിയണം. എങ്കിൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാധിക്കൂ.
മുത്തലാഖും ആർട്ടിക്കിൾ 370-യും റദ്ദാക്കിയത് പോലെ വഖ്ഫ് നിയമവും റദ്ദാക്കണം. വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട നിയമങ്ങൾ ജനവിരുദ്ധമാണ്. അതിന്റെ ഇരയാക്കപ്പെട്ടിരിക്കുന്നത് പാവപ്പെട്ട ജനങ്ങളാണ്. വഖ്ഫ് നിയമം റദ്ദ് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനുള്ളത്. മതനിയമം ഇവിടെ ആവശ്യമില്ല. മതനിയമത്തിന്റെ അടിസ്ഥാനത്തിലല്ല, ഭൂമിയുടെ ഉടമസ്ഥത നിശ്ചയിക്കേണ്ടതെന്നും ശശികല ടീച്ചർ പറഞ്ഞു.