ന്യൂഡൽഹി: മുനമ്പത്തെ വഖ്ഫ് അധിനിവേശ വിഷയത്തിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവുമായി ചർച്ച നടത്തി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറും ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും ന്യൂനപക്ഷ കോഓർഡിനേറ്ററുമായ ഷോൺ ജോർജും. മുനമ്പത്തെയും തളിപ്പറമ്പിലെയും ഉൾപ്പെടെ വഖ്ഫ് അധിനിവേശ ഭീഷണി നേരിടുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ അവസ്ഥ ഇരുവരും കേന്ദ്രമന്ത്രിയെ ബോധിപ്പിച്ചു. നീതി ലഭ്യമാക്കുമെന്നും കിരൺ റിജിജു ഉറപ്പ് നൽകി.
മുനമ്പത്ത് വഖ്ഫിൽ നിന്ന് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന അറുനൂറിലധികം കുടുംബങ്ങളുടെ വീടും ഭൂമിയും നഷ്ടപ്പെടാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന വഖ്ഫ് ഭേദഗതി നിയമം പാസാകുന്നതോടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇത്തരം ഭൂമി കൈയേറ്റങ്ങൾക്ക് ഉചിതമായ നിയമനിർമ്മാണത്തിലൂടെ തടയിടുമെന്നും കിരൺ റിജിജു പറഞ്ഞതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വഖഫ് നിയമം മൂലം മുനമ്പം നിവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളും ഭീഷണികളും കേന്ദ്രമന്ത്രിയെ നേരിൽ കണ്ടു ബോധ്യപ്പെടുത്താൻ സാധിച്ചതായി ഷോൺ ജോർജ് പറഞ്ഞു. മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് അടിച്ചേല്പിച്ച ഈ കിരാത നിയമത്തിൽ മാറ്റം കൊണ്ടുവരുക തന്നെ ചെയ്യുമെന്നും ഷോൺ ജോർജ് പറഞ്ഞു.
വിഷയത്തിൽ നീതി ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിയതായി കിരൺ റിജിജു പിന്നീട് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. മുനമ്പത്തെ അറുനൂറോളം കുടുംബങ്ങളുടെ വിഷയവും തളിപ്പറമ്പിലെ 600 ഏക്കർ ഭൂമിയുടെ കാര്യവും ഉൾപ്പെടെയാണ് നേതാക്കൾ ശ്രദ്ധയിൽപെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആഴ്ചകളായി മുനമ്പത്ത് സമരം ചെയ്യുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകുന്ന മറുപടിയാണ് കേന്ദ്രമന്ത്രി നൽകിയിരിക്കുന്നത്.