കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിലൊന്നാണ് വൈക്കം ശിവക്ഷേത്രം. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ അന്നദാന പ്രഭുവെന്ന പേരിലറിയപ്പെടുന്ന വൈക്കത്തപ്പനെ ഭജിക്കുന്നത് ലക്ഷങ്ങളാണ്. ഐതിഹ്യത്തിന്റെയും ആചാരത്തിന്റെയും സമന്വയമാണ് വൈക്കം മഹാദേവ ക്ഷേത്രം. ഇവിടുത്തെ തുറക്കാത്ത വാതിൽ ഏറെ പ്രസിദ്ധമാണ്.
ഊരാണ്മക്കാരുടെ ഭരണകാലത്ത് അവകാശതർക്കത്തെ തുടർന്നുണ്ടായ സംഭവവുമായി ബന്ധപ്പെട്ടതാണ് നാലമ്പലത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള വാതിലിന്റെ പിന്നിലുള്ള ചരിത്രം. 108 ഊരാണ്മ കുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്നു പണ്ട് വൈക്കം മഹാദേവ ക്ഷേത്രം. വടക്കുംകൂർ രാജാവും ക്ഷേത്രത്തിലെ ഊരാണ്മക്കാരും തമ്മിൽ ക്ഷേത്ര അധികാരത്തെച്ചൊല്ലി നീരസത്തിലായി. ഇരുപക്ഷവും തമ്മിലുള്ള തർക്കം അനുദിനം വർദ്ധിച്ചുവന്നു.
ഒരിക്കൽ വടക്കുംകൂർ രാജാവ് ക്ഷേത്രത്തിൽ പെരുന്തമൃത് പൂജ എന്ന വഴിപാട് നടത്താനൊരുങ്ങി. സാധാരണ നിവേദ്യങ്ങൾക്കു പുറമേ ഖാദ്യം (കടിച്ചു തിന്നാവുന്നത്), ലേഹ്യം (നക്കി തിന്നാവുന്നത്), ഭക്ഷ്യം ( വിഴുങ്ങാവുന്നത്), പേയം (കുടിക്കാവുന്നത്) തുടങ്ങിയ സകല വിഭവങ്ങളും കൂട്ടിചേർന്ന ഭോജനമാണ് ഇതിൽ വിളമ്പുന്നത്. ഇതോടൊപ്പം ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും അന്നദാനവും നൽകണം. എന്നാൽ വളരെയധികം ചെലവ് വരുന്ന പൂജ നടത്താൻ രാജാവ് ഊരാണ്മക്കാരുടെ അനുവാദം വാങ്ങാൻ തയ്യാറായില്ല. ഇതറിഞ്ഞ ഊരാണ്മക്കാർ പൂജ മുടക്കാൻ തീരുമാനിച്ചു.
പൂജയുടെ ദിവസം രാജാവിന്റെ സംഘം എല്ലാ വിഭവങ്ങളും തയ്യാറാക്കി ക്ഷേത്രത്തിലെത്തിച്ചു. ഭക്തരും രാജാവിന്റെ കുടുംബവും എല്ലാവരും ക്ഷേത്രത്തിൽ എത്തിയെങ്കിലും സ്ഥിരം ക്ഷേത്രത്തിലുണ്ടാവുന്ന ഊരാണ്മക്കാർ ആരും അന്നവിടെ ഉണ്ടായിരുന്നില്ല. പൂജയ്ക്ക് വേണ്ട വിഭവങ്ങൾ ഒരുക്കി ശ്രീകോവിലിന്റെ നടയ്ക്കൽ എത്തിച്ചു. ഈ സമയം വെറ്റില മുറുക്കിയ ഊരാണ്മക്കാരിലൊരാളായ ഞള്ളൻ നമ്പൂതിരി പടിഞ്ഞാറേ നടയിലൂടെ സോപാനപ്പടിയിൽ എത്തി. അവിടെ ഉണ്ടായിരുന്ന നിവേദ്യ പാത്രങ്ങളിൽ മുറുക്കിത്തുപ്പി അശുദ്ധമാക്കി. ഇതോടെ പൂജ മുടങ്ങി.
തുടർന്ന് പടിഞ്ഞാറേ ഗോപുരം വഴി പുറത്തേക്കിറങ്ങാൻ ശ്രമിച്ച ഞള്ളൻ നമ്പൂതിരിയെ സർപ്പം കൊത്തി. ഗോപുരം കടന്നതോടെ അദ്ദേഹം മരിക്കുകയും ചെയ്തു. ഈ സമയം ചുറ്റമ്പലത്തിന്റെ പടിഞ്ഞാറേ വാതിൽ തനിയെ അടഞ്ഞു. ഇനി മുതൽ ഈ വാതിലിൽ തുറക്കരുതെന്ന് ശ്രീകോവിലിനുള്ളലിൽ അശരീരി ഉണ്ടായെന്നുമാണ് ഐതീഹ്യം. അതിൽ പിന്നെ ആ വാതിൽ ഇന്നുവരെയും തുറന്നിട്ടില്ല. ഇതോടെയാണ് ക്ഷേത്രത്തിൽ നിവേദ്യം എഴുന്നള്ളിക്കുന്ന സമയം ശംഖ് വിളിച്ചാൽ എല്ലാവരും അകന്നു നിൽക്കണമെന്ന് ആചാരമുണ്ടായത്.
വൈക്കത്തപ്പനെ മൂന്ന് ഭാവങ്ങളിലാണ് ക്ഷേത്രത്തിൽ ആരാധിക്കുന്നത്. രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് കിരാത മൂർത്തിയായും വൈകുന്നേരം രാജരാജേശ്വരനുമായാണ് ദർശനം. ഇവിടെയെത്തി പ്രാർത്ഥിച്ചാൽ വിദ്യാലാഭം, ശത്രുനാശം, കുടുംബസൗഖ്യം തുടങ്ങിയ ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. ചന്ദന പ്രസാദമില്ലാത്ത ക്ഷേത്രങ്ങളിലൊന്നാണ് വൈക്കം. പകരം ചാരമാണ് ഇവിടെ നൽകുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അന്നദാനത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്ന വലിയ അടുക്കളയിൽ നിന്നുള്ള ചാരമാണ് ഇതിനായി ഉപയോഗിക്കുന്നത്.