കൊച്ചി: സിനിമാ നടിമാര്‍ക്കൊപ്പം ഗൾഫിൽ ഒരു ദിവസം ചെലവഴിക്കാമെന്ന് പരസ്യം നൽകിയ പണം തട്ടിയ യുവാവ് പിടിയിൽ. കൊല്ലം സ്വദേശി ശ്യാം മോഹനെ (37) ആണ് കൊച്ചി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം എളമക്കരയിലാണ് ഇയാൾ താമസിച്ചിരുന്നത്.
സാമൂഹിക മാദ്ധ്യമങ്ങളിൽ രണ്ട് യുവ നടിമാരുടെ ഫോട്ടോ അടക്കം നൽകിയാണ് ഇയാൾ ഇരകളെ കണ്ടെത്തിയത്. യുവനടികൾ ഗൾഫ് സ്റ്റേജ് ഷോകളിൽ പങ്കെടുക്കാൻ എത്തുമ്പോൾ ആവശ്യക്കാർക്കൊപ്പം സമയം ചെലവഴിക്കുമെന്നായിരുന്നു വാഗ്ദാനം. താത്പര്യം അറിയിക്കുന്നവർക്ക് ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കും.
ഗള്‍ഫ് മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായിരുന്ന പ്രതി ഇവിടെയും പരസ്യം നല്‍കിയിരുന്നു. തട്ടിപ്പിന് ഇരയായവരിൽ കൂടുതലും പ്രവാസികളാണ്. 20,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് പലരിൽ നിന്നും അഡ്വാൻസായി പ്രതി കൈപ്പറ്റിയത്.
അധികം വൈകാതെ തട്ടിപ്പാണെന്ന് പലരും തിരിച്ചറിഞ്ഞെങ്കിലും മാനക്കേട് ഭയന്ന് പരാതി നൽകിയില്ല. പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെ യുവ നടിമാരാണ് പോലീസിനെ സമീപിച്ചത്. ഇടപാടുകാരെന്ന വ്യാജേനയാണ് സൈബര്‍ പോലീസ് പ്രതിയെ കുരുക്കിയത്.















