ചേലക്കര: നിമയസംവിധാനത്തെ വെല്ലുവിളിച്ച് ചേലക്കരയിൽ പിവി അൻവറിന്റെ ‘ഷോ’. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് ചേലക്കരയിൽ വാർത്ത സമ്മേളനം നടത്തി. നിശബ്ദ പ്രചാരണം നടക്കുന്നതിനിടെയാണ് അൻവറിന്റെ വാർത്താ സമ്മേളനം. പിന്നാലെ നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെത്തി വാർത്താ സമ്മേളനം അനുവദിക്കില്ലെന്ന് അറിയിച്ച് നോട്ടീസ് നൽകി മടങ്ങി. പുല്ലുവില നൽകി അൻവർ വാർത്താ സമ്മേളനം തുടരുകയാണ്.
തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞാണ് അൻവർ വാർത്താ സമ്മേളനം ആരംഭിച്ചത്. പെരുമാറ്റ ചട്ടങ്ങൾ വായിച്ച് പഠിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബന്ധപ്പെട്ടവരോട് ചോദിച്ച് മനസിലാക്കിയ ശേഷമാണ് വാർത്താ സമ്മേളനം നടത്തുന്നതെന്നുമായിരുന്നു അൻവർ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തന്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തിയത്. നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരോട് തർക്കിച്ചു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി.
കോൺഗ്രസിൽ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാൻ നിൽക്കുന്നത്. ജനങ്ങളോട് ചില കാര്യങ്ങൾ പറഞ്ഞതിന് 20-ലേറെ എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ചെറുതുരുത്തിയിൽ നിന്ന് പിടിച്ചെടുത്ത 20 ലക്ഷം രൂപ ആരുടേതാണ്? ആർക്കായിരുന്നു അവിടെ ചുമതല? മരുമോനായിരുന്നില്ലേ ചുമതല? കോളനികളിൽ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നൽകുന്നു. കവറിൽ പണം കൂടി വെച്ചാണ് കോളനികളിൽ സ്ലിപ് നൽകുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എൽഡിഎഫെന്നും അൻവർ ആരോപിച്ചു. പറയാനുള്ളത് പറയുമെന്നും തന്നെ ഭയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.