കോഴിക്കോട്: ഫറോക്ക് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ആർജെഡി വിട്ട് മുസ്ലിംലീഗിൽ ചേർന്ന കൗൺസിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇന്നലെ നടന്ന യോഗത്തിലാണ് എൽഡിഎഫ്-യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടിയത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഇന്നലെ നടന്ന യോഗത്തിലാണ് കൗൺസിലർമാർ ഏറ്റുമുട്ടിയത്. ആർപ്പ് വിളിച്ചാണ് പ്രവർത്തകർ ചെരുപ്പുമാല അണിയിക്കാനെത്തിയത്. എന്നാൽ വനിതാ പ്രവർത്തകർ ഇടപെട്ട് തടയുകയായിരുന്നു. പാർട്ടി മാറിയ കൗൺസിലർ സനൂബിയ നിയാസിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണവും നടന്നിരുന്നു. എൽഡിഎഫ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച് കൗൺസിലർ ഫറോഖ് പൊലീസിൽ പരാതി നൽകിയിരുന്നു. തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ കൂറുമാറിയതിനെ ജനാധിപത്യ രീതിയിൽ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് എൽഡിഎഫിന്റെ വാദം.
വീടിന് നേരെ കല്ലേറും വഴിയിലൂടെ നടന്ന് പോകുമ്പോൾ വളരെ മോശമായി സംസാരിക്കുക എന്ന് തുടങ്ങി നിരവധി അപമാനമാണ് താൻ ഏറ്റുവാങ്ങുന്നതെന്ന് സനൂബിയ ആരോപിച്ചു. പാർട്ടി മാറ്റം നാട്ടിൽ ആദ്യമായിട്ട് നടക്കുന്നതൊന്നുമല്ലല്ലോയെന്ന് അവർ ചോദിച്ചു. വനിതാ എന്ന പരിഗണന നൽകാതെയാണ് അതിക്രൂരമായി ആക്രമിച്ചതെന്ന് അവർ ആരോപിച്ചു.















