മുംബൈ: തെരഞ്ഞെടുപ്പ് റാലിക്കെത്തിയപ്പോൾ ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചതിൽ പ്രതിഷേധവുമായി ഉദ്ധവ് താക്കറെ. യവാത് മലിലെ വാനിയിൽ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് റാലിക്കെത്തിയപ്പോഴായിരുന്നു സംഭവം. ഉദ്ധവ് താക്കറെ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും തെരഞ്ഞടുപ്പ് സമയത്തെ സാധാരണ നടപടിക്രമം മാത്രമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
എന്നാൽ ഉദ്യോഗസ്ഥരുടെ നടപടി പക്ഷപാതപരമാണെന്ന് ആരോപിച്ചാണ് ഉദ്ധവ് താക്കറെയുടെ പ്രതിഷേധം. പരിശോധന വീഡിയോയിൽ ചിത്രീകരിക്കാൻ കൂടെയുളളവരോട് ഉദ്ധവ് നിർദ്ദേശിക്കുകയും ചെയ്തു. നിങ്ങൾക്ക് എന്റെ വെളളക്കുപ്പിയും ഫ്യുവൽ ടാങ്കും യൂറിൻ പോട്ടും വരെ പരിശോധിക്കാം. പക്ഷെ മോദിയുടെയും അമിത് ഷായുടെയും ബാഗുകളും ഇതുപോലെ പരിശോധിച്ച് വീഡിയോകൾ എനിക്ക് അയച്ചു തരണമെന്ന് ആയിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം നടത്തിയ സാധാരണ പരിശോധന മാത്രമാണെന്ന് യവാത് മൽ ജില്ലാ കളക്ടർ പങ്കജ് അഷിയ പറഞ്ഞു. മൂന്ന് ദിവസം മുൻപ് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ ബാഗുകളും സമാനമായ രീതിയിൽ പരിശോധിച്ചാണ് കടത്തിവിട്ടതെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നാലെ ധർവയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചാണ് ഉദ്ധവ് സംസാരിച്ചത്. എല്ലാ നേതാക്കൾക്കും ഇതേ നിയമം ബാധകമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ലെങ്കിൽ തന്റെ ശിവസൈനികർ ആ ചുമതല നിർവ്വഹിക്കുമെന്ന് ആയിരുന്നു വെല്ലുവിളി. കഴിഞ്ഞ ദിവസം എൻസിപി ശരദ് പവാർ വിഭാഗം എംപി അമോൽ കോൽഹെയുടെ ബാഗ് പരിശോധിച്ചതും മഹാ വികാസ് അഘാഡി സഖ്യം വിവാദമാക്കിയിരുന്നു.