പൂനെ: 40 വയസുകാരി ടൂത്ത് ബ്രഷ് വിഴുങ്ങി. മഹാരാഷ്‌ട്ര പൂനെ സ്വദേശിനിയാണ് 20 സെൻ്റീമീറ്റർ നീളമുള്ള ടൂത്ത് ബ്രഷ് അബദ്ധത്തിൽ വിഴുങ്ങിയത്. രാവിലെ നാവ് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ കേസാണിത്. കഴിഞ്ഞ വർഷം സ്പെയിലും സമാനമായ സംഭവം നടന്നിരുന്നു.
കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ട യുവതിയെ ഉടൻ പൂനെ ഡി വൈ പാട്ടീൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ ആദ്യം ഡോക്ടർമാർ പരിഭ്രമിച്ചു. കാരണം ലോകത്ത് തന്നെ വളരെ അപൂർവ്വമായേ ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഡോ. അഭിജിത്ത് കരാഡിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ടൂത്ത് ബ്രഷ് പുറത്തെടുത്തത്.
സ്കീസോഫ്രീനിയ, അനോറെക്സിയ തുടങ്ങിയവയുള്ള രോഗികളിലാണ് വളരെ അപൂർവ്വമായെങ്കിലും ഇത്തരം അവസ്ഥയുണ്ടാകാറ്. ഇവിടെ രോഗിക്ക് ഇത്തരം പ്രശ്നങ്ങളില്ല. ടൂത്ത് ബ്രഷ് വിഴുങ്ങിയ 30-ൽ താഴെയുള്ള കേസുകൾ മാത്രമേ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും ഡോ അഭിജിത്ത് പറയുന്നു.
2013-ൽ, വയറിൽ ടൂത്ത് ബ്രഷുമായി 35 വയസ്സുകാരനെ ഹരിയാനയിലെ എംഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ ( എംഎംഐഎംഎസ്ആർ പ്രവേശിപ്പിച്ചിരുന്നു. ടൂത്ത് ബ്രഷ് വിഴുങ്ങി ദിവസങ്ങൾക്ക് ശേഷമായിരുന്നു ആശുപത്രിയിൽ എത്തിയത്.